ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ കാര്‍ കയറ്റാനാകുന്നില്ല; മുഹമ്മദ് നിഷാമിനെതിരേ ഉപഭോക്തൃകോടതി വിധി

മുഹമ്മദ് നിഷാം | ഫയല്‍ചിത്രം | AFP
മുഹമ്മദ് നിഷാം | ഫയല്‍ചിത്രം | AFP

തൃശ്ശൂര്‍: ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ കാര്‍ കയറ്റാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരേ ഉപഭോക്തൃകോടതി വിധി. കെട്ടിടനിര്‍മ്മാണച്ചുമതലയുണ്ടായിരുന്ന ആള്‍ എന്ന നിലയിലാണ് മുഹമ്മദ് നിഷാമിനെതിരേ വിധി വന്നത്. നിര്‍മാണത്തിലെ പ്രശ്‌നം പരിഹരിക്കണമെന്നും നഷ്ടപരിഹാരവും കോടതിച്ചെലവുമായി 35,000 രൂപ നല്‍കണമെന്നുമാണ് വിധി.

തൊടുപുഴ മുട്ടത്തുള്ള നെല്ലിക്കുഴിയില്‍ എന്‍.പി. ചാക്കോ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് തൃശ്ശൂര്‍ പടിയം അടക്കാപറമ്പില്‍ വീട്ടില്‍ എ.എ. മുഹമ്മദ് നിഷാം., തൃശ്ശൂര്‍ എം.ജി. റോഡിലെ കിങ്ങ് സ്‌പേസസ് ആന്‍ഡ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ വിധി പുറപ്പെടുവിച്ചത്.

നിഷാം ഉടമയായ കിങ്ങ് സ്‌പേസസ് ആന്‍ഡ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ ചാക്കോ ഫ്‌ളാറ്റും കാര്‍പോര്‍ച്ചും ബുക്ക് ചെയ്യുകയായിരുന്നു.

ഒരു ലക്ഷം രൂപ കാര്‍പോര്‍ച്ചിന് മാത്രമായി ഈടാക്കി. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പോര്‍ച്ചില്‍ കാര്‍ കയറ്റാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. റോഡില്‍നിന്ന് കാര്‍പോര്‍ച്ചിലേക്ക് ചരിച്ച് കോണ്‍ക്രീറ്റ് ചെയ്തിരുന്നുവെങ്കിലും ചരിവിന്റെ കുറവ് മൂലമായിരുന്നു ഇത്.

പുതിയ രീതിയിലുള്ളതും സസ്‌പെന്‍ഷന്‍ താഴ്ന്നിരിക്കുന്നതുമായ വാഹനമായതുകൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടായത് എന്നും ഇതിന് തങ്ങള്‍ ഉത്തരവാദികളല്ല എന്നുമായിരുന്നു നിഷാം ഉള്‍പ്പെടെയുള്ളവരുടെ വാദം. തുടര്‍ന്ന് കോടതി നിയോഗിച്ച വിദഗ്ധ കമ്മിഷണര്‍ പരിശോധന നടത്തി അപാകം റിപ്പോര്‍ട്ട് ചെയ്തു. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആര്‍. രാംമോഹന്‍ എന്നിവരടങ്ങിയ തൃശ്ശൂര്‍ ഉപഭോക്തൃകോടതിയാണ് വിധി പുറപ്പെടുവിച്ചത്.

പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള വിധത്തില്‍ പണി പൂര്‍ത്തിയാക്കണമെന്നും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 25,000 രൂപയും നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി .

Content Highlights: consumer court verdict against mohammed nisham