കാട്ടാക്കടയില്‍ ബിബിഎ വിദ്യാര്‍ഥിയെ മൂന്നു സഹപാഠികൾചേര്‍ന്ന് മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: കാട്ടാക്കടയിലെ വിഗ്യാന്‍ കോളേജില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. രണ്ടാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ ക്രിസ്റ്റോയെ ഇലക്ടോണിക്‌സ് വിഭാഗം വിദ്യാര്‍ഥികളായ അര്‍ജുന്‍, ആനന്ദന്‍, രോഹന്‍ എന്നീ മൂന്നു പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വൈകുന്നേരം നാലരയ്ക്ക് പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ കേളേജില്‍വെച്ചാണ് മര്‍ദനം.
ഇവര്‍ മുമ്പ് കൂട്ടുകാരായിരുന്നു. പിന്നീട് ക്രിസ്റ്റോ സുഹൃത്ബന്ധത്തില്‍നിന്ന് പിന്മാറി. കൂട്ടുകെട്ടില്‍നിന്ന് ക്രിസ്റ്റോ വിട്ടുപോയതിന്റെ ദേഷ്യം ഇവര്‍ക്കുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് മര്‍ദിച്ചതെന്നുമാണ് വിവരം. ക്രൂരമര്‍ദനമേറ്റ ക്രിസ്റ്റോയ്ക്ക് തലയ്ക്കും കവിളിലും പരിക്കുണ്ട്.
സംഭവത്തേക്കുറിച്ച് ക്രിസ്റ്റോ പറയുന്നത് ഇങ്ങനെ:
'പരീക്ഷ കഴിഞ്ഞ് ക്ലാസിലേക്ക് പോകുംവഴി അടുത്ത ക്ലാസിലിരുന്ന് പരീക്ഷ എഴുതുന്ന അര്‍ജുന്‍ എന്ന വിദ്യാർഥി എന്നെ വിളിച്ചു. ഞാന്‍ കേള്‍ക്കാത്തതുപോലെ മുന്നോട്ട് പോയി. വീണ്ടും വീണ്ടും വിളിക്കുന്നത് കേട്ട് ഞാന്‍ തിരിച്ചുപോയി എന്താണെന്ന് ചോദിച്ചു. എന്തിനാ ചൊറിയുന്നേ എന്നവന്‍ എന്നോട് ചോദിച്ചു. ഞാന്‍ നിന്നെ ചൊറിഞ്ഞില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അവന്‍ എന്നെ ചീത്തവിളിച്ചു. അപ്പോള്‍ ഞാനും തിരിച്ച് പറഞ്ഞു. ഞാന്‍ ക്ലാസിലേക്ക് പോയി. അപ്പോള്‍ ആനന്ദന്‍, രോഹന്‍ എന്നീ കൂട്ടുകാരന്മാരോടൊപ്പം വന്ന് അര്‍ജുന്‍ എന്നെ മര്‍ദിക്കുകയായിരുന്നു. മൂന്ന് പേരും മാറി മാറി തലയിലും മുഖത്തുമൊക്കെ മര്‍ദിക്കുകയായിരുന്നു. ചുണ്ട് പൊട്ടി, തലയ്ക്ക് വേദനയുണ്ട്. സംഭവം കോളേജില്‍ അറിയിച്ചു. നിയമനടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോളേജിനെതിരേയും കേസ് കൊടുക്കാനാണ് പോലീസ് സ്‌റ്റേഷനില്‍നിന്ന് പറയുന്നത്.'
മുന്‍വൈരാഗ്യമൊന്നുമില്ലെന്നും മുമ്പ് തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും ക്രിസ്റ്റോ പറഞ്ഞു. പിന്നീട് അവരോടൊപ്പം നടക്കാന്‍ താല്‍പര്യമില്ലാത്തുകൊണ്ട് മാറിനടക്കുകയായിരുന്നു.
ക്രിസ്റ്റോയുടെ കവിളില്‍ വലിയ പരിക്കുണ്ടെന്നും ഇപ്പോഴും രക്തസ്രാവമുണ്ടെന്നും പിതാവ് പ്രതികരിച്ചു. കോളേജില്‍ ചെന്ന് പ്രിന്‍സിപ്പലിന് സംസാരിച്ചിരുന്നെന്നും പരാതി എഴുതി കൊടുക്കാന്‍ കോളേജ് അധികൃതർ പറഞ്ഞെന്നും അദ്ദേഹം പറയുന്നു. മൂന്ന് പേര്‍ അക്രമകാരികളാണെന്നാണ് അവര്‍ പറഞ്ഞത്. കോളേജ് അധികൃതരോട് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാന്‍ പറഞ്ഞപ്പോള്‍ അത് ആലോചിച്ചിട്ടേ പറ്റുകയുള്ളൂ ക്രിസ്റ്റോയുടെ പിതാവ് പറഞ്ഞു.
Content Highlights: BBA Student Brutally Attacked in Kattakkada