തേങ്ങയ്ക്ക് മാത്രമല്ല, ചിരട്ടയ്ക്കും പൊന്നുവില; നാട്ടിൻപുറത്ത് ചിരട്ട മോഷണവും പതിവ്

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കരിവെള്ളൂർ: മണ്ണപ്പം ചുട്ട്‌ കളിച്ച കാലത്തെ ചിരട്ടയൊന്നുമല്ലിപ്പോൾ. ആളാകെ മാറി. പുറത്തുവെച്ചാൽ കൊത്തിക്കൊണ്ടുപോകും. പ്രത്യേകം ശ്രദ്ധിക്കുക. മോഷണം പോകാതിരിക്കണമെങ്കിൽ തേങ്ങയും വെളിച്ചെണ്ണയുംപോലെ ഭദ്രമായി സൂക്ഷിക്കണം.

ഗ്രാമങ്ങളിലെ വീടുകളിൽനിന്ന് ഇപ്പോൾ ചിരട്ടമോഷണം പതിവായിട്ടുണ്ട്. കരിവെള്ളൂർ ഓണക്കുന്നിൽ ശ്രീലക്ഷ്മി ബേക്കറി നടത്തുന്ന പി.വി.നാരായണൻ കോമരത്തിന് പറയാനുള്ളത് ആധുനിക കാലത്തെ ചിരട്ടമോഷണത്തിന്റെ അനുഭവകഥയാണ്. ബേക്കറി ആവശ്യത്തിനായി വീടിനടുത്തുള്ള പുരയിൽ സൂക്ഷിച്ചതായിരുന്നു 20 ചാക്ക് ചിരട്ട. എല്ലാം പല സ്ഥലങ്ങളിൽനിന്നായി വാങ്ങിയവ.

ദിവസങ്ങൾക്ക് മുൻപ്‌ മകൻ നവീൻ ഗൾഫിൽനിന്ന് സിസിടിവി പരിശോധിച്ച് ഒരു സ്ത്രീ വീട്ടിൽനിന്ന് ചാക്കുമായി പോകുന്നത് കാണുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് പരിശോധിച്ചത്. 12 ചാക്ക് ചിരട്ട കൊണ്ടുപോയിരുന്നു. പല ദിവസങ്ങളിലായാണ് ചിരട്ട കൊണ്ടുപോയത്. 10,000 രൂപയോളം വിലയുള്ള ചിരട്ടയാണ് നഷ്ടമായത്. മോഷണം നടത്തിയ നാടോടിസ്ത്രീയുടെ ഫോട്ടോ സിസിടിവിയിലുണ്ടെങ്കിലും കണ്ടെത്താനായില്ല.

"പണവും പൊന്നുംപോലെ ചിരട്ടയും മോഷ്ടിക്കുമെന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. ഇപ്പോഴത്തെ ചിരട്ടവില അറിഞ്ഞപ്പോഴാണ് മോഷണം ഉറപ്പിച്ചത്"-നാരായണൻ കോമരം പറഞ്ഞു.

ഒരു ചിരട്ടയ്ക്ക് ഒരുരൂപ കിട്ടും

നാലുമാസത്തിനുള്ളിൽ ചിരട്ടവില വലിയതോതിൽ കൂടിയിട്ടുണ്ട്. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില വർധനയുമായി ഇതിനു ബന്ധമില്ല. ഒരുകിലോ ചിരട്ടയ്ക്ക് ഇപ്പോൾ 25 മുതൽ 30 രൂപ വരെ കിട്ടും. നല്ല വലിപ്പമുള്ള ചിരട്ടകളാണെങ്കിൽ ഒരുരൂപ വരെയാണ് വില. കയറ്റുമതി കൂടിയതാണ് ചിരട്ടയുടെ വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ചിരട്ടകൾ വാങ്ങാനായി വാഹനവുമായി നിരവധി പേർ വീടുകളിലെത്തുന്നുണ്ട്.

Content Highlights: Coconut shell theft is increasing in Kerala, with thieves targeting homes and businesses