'പൊതുജനങ്ങളോട് മോശമായി പെരുമാറുന്നു'; സിഐ പ്രതാപ ചന്ദ്രനെതിരേ നേരത്തേയും വകുപ്പുതല റിപ്പോർട്ട്

കൊച്ചി: സിഐ പ്രതാപചന്ദ്രനെതിരേ നേരത്തേയും വകുപ്പുതല റിപ്പോർട്ട് ഉണ്ടായിരുന്നതായി റിപ്പോർട്ട്. പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ആണ് റിപ്പോർട്ട് നൽകിയത്.
പെരുമാറ്റരീതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. അമിതമായി പ്രതികരിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രതാപചന്ദ്രനെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് സംഭവങ്ങളെ ആസ്പദമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വേതന വർധനവ് തടയുക മാത്രമായിരുന്നു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതാപചന്ദ്രനെതിരേ ഉണ്ടായ നടപടി. മറ്റു കർശന നടപടികളൊന്നും ഉണ്ടായിരുന്നില്ല.
ഗർഭിണിയായ യുവതിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതാപചന്ദ്രനെതിനേ നടപടി ഉണ്ടായത്. 2024-ൽ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതാപ ചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു.
നോർത്ത് പോലീസ് സ്റ്റേഷനു സമീപം റെയിൽവേ സ്റ്റേഷന് എതിർവശത്ത് ബെൻ ടൂറിസ്റ്റ് ഹോമും ഹോട്ടലും നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യ ഷൈമോൾക്കാണ് മർദനമേറ്റത്. 2024 ജൂൺ 19-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് പരാതിക്കാർക്ക് ലഭിച്ചത്. ഇപ്പോൾ അരൂർ സ്റ്റേഷനിലായിരുന്നു കെ.ജി. പ്രതാപചന്ദ്രൻ ജോലിചെയ്തിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ പോലീസ് മേധാവിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
Content Highlights: Kerala CI Suspended After Assault on Pregnant Woman; CCTV Footage Emerges