പാമ്പുകടിയേറ്റ് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി പണംതട്ടി; ഛത്തീസ്ഗഢിൽ ഡോക്ടറുൾപ്പെടെ 19 പേർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം | ഫോട്ടോ: Canva
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva

ബിലാസ്‍പുർ (ഛത്തീസ്ഗഢ്‌): പാമ്പുകടിയേറ്റ് മരിച്ചെന്ന വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുണ്ടാക്കി സർക്കാർ പദ്ധതിയിൽ നിന്ന് 64 ലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ.

ഡോക്ടർ, അഭിഭാഷകൻ, രണ്ട് ഹോം ഗാർഡുകൾ എന്നിവരുൾപ്പെടെ 19 പേർ ഈ കേസിൽ അറസ്റ്റിലായി. ഛത്തീസ്ഗഢിലെ ബിലാസ്‍പുരിലാണ് സംഭവം. പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ മരിക്കുന്നവർക്ക് സഹായധനം നൽകുന്ന സർക്കാർപദ്ധതിയിൽ നിന്നാണ് പ്രതികൾ 64 ലക്ഷം രൂപ തട്ടിയത്. 2019 നവംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

സംഘത്തിലെ ഓരോരുത്തർക്കും കൃത്യമായ ചുമതലകൾ നൽകിയായിരുന്നു തട്ടിപ്പ്. ബിലാസ്‍പുരിലെ ഛത്തീസ്ഗഢ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തുമ്പോൾ ഹോം ഗാർഡുകളാണ് സംഘത്തിന് വിവരം നൽകിയിരുന്നത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചില മൃതദേഹങ്ങൾക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെപേരിൽ ഇവർ വ്യാജമായി രേഖകൾ നിർമിച്ചു. ഡോക്ടർമാർ, പോലീസുദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവരുടെ വ്യാജസീലുകളും ഒപ്പുകളും ഇതിനായി ഉപയോഗിച്ചു. മരിച്ചവരുടെ ബന്ധുക്കളെ സമീപിച്ച് പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീർക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്താനും സംഘത്തലവനായ അഭിഭാഷകൻ മുൻകൈ എടുത്തു.

ചില മൃതദേഹങ്ങളിൽ പാമ്പുകടിയേറ്റതിന് സമാനമായ പാടുകൾ കൃത്രിമമായി ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബിലാസ്‍പുരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോ. പ്രിയങ്കാ സോണി, സിംസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകളായ രാംകുമാർ പടൻവാർ, രാമേശ്വർ ഭാസ്‌കർ, അഡ്വ. ഹീരാ പ്രസാദ് ഖണ്ഡേക്കർ, ബാങ്ക് ജീവനക്കാരനായ കുശ് കുമാർ ഗുപ്ത എന്നിവരാണ് പ്രധാന പ്രതികൾ.

ഒരു കേസിൽ അനുവദിക്കുന്ന നഷ്ടപരിഹാരത്തുകയിൽനിന്ന് ഏകദേശം 50,000 രൂപ മരിച്ചവരുടെ കുടുംബത്തിനും നൽകിയിരുന്നു. ബാക്കി തുക സംഘാംഗങ്ങൾ വീതിച്ചെടുത്തെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സർക്കാരിന്റെ വിവിധ ഓഫീസുകളിലെ വ്യാജ സീലുകൾ, കൃത്രിമമായി നിർമിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, മരണ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡുകൾ, ബാങ്ക് പാസ്‌ബുക്കുകൾ, കംപ്യൂട്ടറുകൾ, പണം തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: The Bilaspur Police arrested 19 individuals, including a doctor, a lawyer, and home guards, for creating fake post-mortem reports and forging artificial snakebite marks on dead bodies to fraudulently claim ₹64 lakh from government relief schemes.