പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി, പോലീസ് എത്തിയപ്പോൾ കണ്ടത് മൃതദേഹം; അക്രമം മുളവടികൊണ്ട്?

ചേർത്തല: ഒറ്റയ്ക്കുതാമസിച്ചിരുന്നയാൾ വീട്ടിൽ രക്തംവാർന്ന് മരിച്ചനിലയിൽ. പോലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെന്നു സംശയിക്കുന്ന സമീപവാസി പോലീസ് നിരീക്ഷണത്തിലാണ്. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷാ(53)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വായിൽനിന്നും മൂക്കിൽനിന്നും രക്തംവന്ന നിലയിലായിരുന്നു. തലയ്ക്കടിയേറ്റതിനെത്തുടർന്നുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അക്രമി അടിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മുളവടി ഒടിഞ്ഞനിലയിൽ വീട്ടിൽനിന്നു കണ്ടെത്തി.
രണ്ടുവർഷമായി സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണു താമസം. സമീപവാസികളുമായി സന്തോഷിന് കാര്യമായ ബന്ധമില്ലായിരുന്നു. കഴിഞ്ഞദിവസം സമീപവാസിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നുകാട്ടി കുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതിരേ മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സന്തോഷിനോട് ശനിയാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
ഞായറാഴ്ച രാവിലെയും ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. സ്ഥിരം മദ്യപാനിയായ സന്തോഷ്, പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ഡിവൈ.എസ്.പി. മഞ്ജുലാൽ തുടങ്ങിയവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ തെളിവുപരിശോധനാസംഘവും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ മഞ്ജുദാസിനാണ് അന്വേഷണച്ചുമതല.
ഭാര്യ: സുനിത. മക്കൾ: സ്വർണ സന്തോഷ്, സൂര്യ പണിക്കർ, സാരംഗ് പണിക്കർ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മുളവടി ‘പ്രധാന ആയുധം’
സന്തോഷിന്റെ വീട്ടിൽ ഒടിഞ്ഞ നിലയിൽ കണ്ടെത്തിയ ഒരു വടിയാണ് അന്വേഷണത്തിൽ പോലീസിന്റെ പ്രധാന തെളിവ്. അക്രമത്തിലെയും പ്രധാന ആയുധം മുളവടി തന്നെയെന്നാണ് പോലിസ് കണക്കാക്കുന്നത്. സന്തോഷ് സുരക്ഷയ്ക്കായി തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് വടികളിൽ ഒന്നാണ് അക്രമി ഉപയോഗിച്ചതെന്നു കരുതുന്നു. തലയുടെ പിൻഭാഗത്ത് ചെവിക്കു സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതെന്ന് പോലീസ് അറിയിച്ചു.
തെളിവെടുപ്പിനെത്തിച്ച പോലീസ് നായ വീടിനു മുന്നിലെ റോഡിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ സെയ്ന്റ് ജോസഫ് പള്ളി പാരിഷ് ഹാളിനു സമീപംവരെ എത്തിയശേഷം നിന്നു. വീടിന്റെ പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
സന്തോഷുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും സംഭവവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. അടുത്തിടെ സമീപവാസിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നു കാട്ടി സന്തോഷിനെതിരേ നൽകിയ പരാതിയും ഗൗരവമായി പരിശോധിക്കുന്നുണ്ട്. ചേർത്തല സി.ഐ. മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.