മകനെ കൊല്ലുന്നത് നോക്കിനിന്നു, കെട്ടിത്തൂക്കാന്‍ ഉപദേശം;ചേര്‍പ്പിലെ കൊലക്കേസില്‍ അമ്മയും അറസ്റ്റില്‍

മരിച്ച ബാബു,  പ്രതി സാബു
മരിച്ച ബാബു,  പ്രതി സാബു

ചേര്‍പ്പ്: മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബു കൊല്ലപ്പെട്ട കേസില്‍ ബാബുവിന്റെ അമ്മ പദ്മാവതി (54)യെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇളയ മകന്‍ ചേട്ടനെ കൊലപ്പെടുത്തുമ്പോള്‍ പദ്മാവതി നോക്കിനില്‍ക്കുകയും മകനെ കെട്ടിത്തൂക്കാന്‍ പ്രതികളെ ഉപദേശിക്കുകയും കുഴിച്ചിടാന്‍ സഹായിക്കുകയും ചെയ്തുവെന്ന് ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബു പറഞ്ഞു. കൊലപാതകവിവരം മൂടിവെച്ച കുറ്റവും ഇവരുടെ പേരിലുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാര്‍ച്ച് 15-ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബുവിനെ അനുജന്‍ സാബു മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച് വികൃതമാക്കി.ബാബു ഉറക്കെ ബഹളം വെച്ചപ്പോള്‍ സാബു വായില്‍ മണ്ണ് കുത്തിനിറച്ചു.മരിച്ചു എന്നു കരുതിയാണ് പ്രദേശവാസിയായ സുനിലിനെ ഇവര്‍ വിളിച്ചുവരുത്തിയത്. ബാബുവിനെ കെട്ടിത്തൂക്കാം എന്നായിരുന്നു പദ്മാവതിയുടെ ഉപദേശം.

മുഖത്ത് ഗുരുതര പരിക്ക് ഉള്ളതിനാല്‍ കെട്ടിത്തൂങ്ങിമരിച്ചുവെന്ന് ആരും വിശ്വസിക്കില്ലെന്ന് സുനില്‍ പറഞ്ഞു.300 മീറ്റര്‍ അകലേക്ക് മൂന്നുപേരും ചേര്‍ന്നാണ് ചുമന്നുകൊണ്ടുപോയത്.ഒന്നാം പ്രതി സാബു, രണ്ടാം പ്രതി സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ബാബുവിനെ കുഴിച്ചിട്ടത്.

ബാബുവിന്റെ ഫോണ്‍ പിറ്റേദിവസം സാബു കരുവന്നൂര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു.കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടാം പ്രതി കളിച്ചത്ത് വീട്ടില്‍ സുനില്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച പദ്മാവതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണ് കണ്ടപ്പോള്‍ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് സംശയിച്ചിരുന്നു. ബാബുവിന്റെ വായില്‍ ബലമായി മണ്ണ് കുത്തിക്കയറ്റിയതിനെത്തുടര്‍ന്നാണ് ശ്വാസകോശത്തില്‍ മണ്ണ് കയറിയതെന്ന് പ്രതികളുടെ വെളിപ്പെടുത്തലില്‍ നിന്നാണ് വ്യക്തമായത്.

Content Highlights: cherppu babu murder case mother arrested by police