കുഞ്ഞിനെ തരില്ലെന്ന് ഭർത്താവിന്റെ ഭീഷണി, ഫോൺ എറിഞ്ഞുപൊട്ടിച്ചു; സുഫൈദയുടെ നെഞ്ചിൽ നഖംകൊണ്ട പാടുകൾ

#ന്യൂസ് ഡെസ്ക്ക്
ഫാത്തിമത്ത് സുഫൈദയും ഭർത്താവ് ആദിലും (വിവാഹച്ചിത്രം)
ഫാത്തിമത്ത് സുഫൈദയും ഭർത്താവ് ആദിലും (വിവാഹച്ചിത്രം)

ചെർക്കള: ഭർതൃവീട്ടിൽ രാസലായനി കുടിച്ച് ജീവനൊടുക്കിയ യുവതിയുടെ ശരീരത്തിൽ നഖംകൊണ്ട് പോറലേറ്റതുൾപ്പെടെ മർദനമേറ്റ പാടുകൾ. കഴിഞ്ഞദിവസം ആത്മഹത്യചെയ്ത ചെങ്കള ചെർളടുക്കത്തെ എം.കെ.ഫാത്തിമത്ത് സുഫൈദ(24)യുടെ പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് നെഞ്ചിലും കഴുത്തിലുമുൾപ്പെടെ മർദനമേറ്റ പാടുകളുണ്ടെന്ന് പറയുന്നത്. സഹോദരൻ അബ്ദുൾ വാസിലിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ വകുപ്പുകൾ ചേർത്ത് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് ആദിലിനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്നും ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണം നടത്തുന്ന എ.എസ്.പി. അച്യുത് അശോക് പറഞ്ഞു.

2025 മേയ് 25-നാണ് ആദിലും സുഫൈദയും വിവാഹിതരായത്. ആദിൽ പ്രവാസിയായിരുന്നു. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും സുഫൈദയെ മാനസികവും ശാരീരികവുമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരൻ അബ്ദുൾ വാസിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച സുഫൈദയ്ക്ക് വലിയ ദേഹോപദ്രവം ഏൽക്കേണ്ടിവന്നിരുന്നു. വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ തട്ടിപ്പറിച്ച് ഭർത്താവ് ആദിൽ എറിഞ്ഞുടച്ചു. തുടർന്ന് അയൽവാസിയുടെ ഫോണിൽ നിന്നാണ് വീട്ടിലേക്ക് വിളിച്ചത്. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാവ് സഫിയയും സഹോദരൻ അബ്ദുൾ വാസിലും ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു.

സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങിയ സുഫൈദയെ ഭർത്താവ് ഭീഷണിപ്പെടുത്തുകയും രണ്ടുമാസത്തോളം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും പറഞ്ഞു. തുടർന്ന് വീടിനകത്തേക്ക് പോയി രാസലായനി കഴിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു.

Content Highlights: 24-year-old Fathimath Sufaidah died by suicide after alleged dowry harassment., Inquest report confirms physical assault marks on the victim's body., Husband Adil (27) arrested and remanded for 14 days., Police investigating charges of dowry harassment and abetment to suicide., Incident occurred in Panal, Cherkala, following marital disputes.