അര്‍ബുദ രോഗിയായ മാതാവിന് മരുന്ന് മാറിനൽകിയെന്ന് ആരോപണം; ഡോക്ടറെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു

കലൈഞ്ജര്‍ സെന്റിനറി മള്‍ട്ടി സ്‌പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍
കലൈഞ്ജര്‍ സെന്റിനറി മള്‍ട്ടി സ്‌പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍

ചെന്നൈ: അര്‍ബുദ രോഗിയായ അമ്മയ്ക്ക് തെറ്റായ മരുന്ന് നല്‍കിയെന്നാരോപിച്ച് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചെന്നൈ കലൈഞ്ജര്‍ സെന്റിനറി ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് 25-കാരന്‍ ഡോക്ടറെ ഏഴ് തവണ കുത്തിയത്. നെഞ്ചിലും കഴുത്തിലും വയറ്റിലും ഉള്‍പ്പെടെ പരുക്കേറ്റ ഡോക്ടര്‍ ബാലാജി ജഗനാഥന്‍ ഐസിയുവില്‍ ചികിത്സയിലാണ്. പരിക്കേറ്റ, ഹൃദ്രോഗി കൂടിയായ ഓങ്കോളജിസ്റ്റ് ബാലാജി ജഗനാഥന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

അര്‍ബുദ രോഗിയായ മാതാവിന് ശരിയായ ചികിത്സ ലഭിക്കാത്തതില്‍ ദേഷ്യപ്പെട്ട് മകനാണ് ഡോക്ടറെ ആക്രമിച്ചതെന്നാണ് വിവരം. കലൈഞ്ജര്‍ സെന്റിനറി മള്‍ട്ടി സ്‌പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ രോഗിയായ അമ്മയ്ക്ക് ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയെന്ന് സംശയിച്ച് ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആശുപത്രി ജീവനക്കാരും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യനും വിഷയത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി.തന്റെ കൈയില്‍ ഒളിപ്പിച്ച ചെറിയ കത്തി ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് ആശുപത്രി സന്ദര്‍ശിച്ച എം. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാര്യം അദ്ദേഹം നിഷേധിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
 

Content Highlights: Chennai Doctor Stabbed Several Times In Head, Neck By Patients Son