കുഞ്ഞ് ബക്കറ്റിലെന്ന് ഡോക്ടറോട് പറഞ്ഞത് യുവതിയുടെ മൂത്തമകന്‍; കുതിച്ച് പോലീസ്; അഭിനന്ദിച്ച് മന്ത്രി

ആലപ്പുഴ: ചെങ്ങന്നൂരില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍. അതിവേഗ ഇടപെടലിലൂടെ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയ പോലീസിനേയും ആശുപത്രി അധികൃതരേയും മന്ത്രി സജി ചെറിയാന്‍ അഭിനന്ദിച്ചു.
പ്രസവത്തിന് പിന്നാലെ രക്തസ്രാവത്തോടെ ആശുപത്രിയില്‍ ചികിത്സ തേടിയാണ് യുവതി എത്തിയത്. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് യുവതി ഡോക്ടര്‍മാരോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടറും ആശുപത്രി അധികൃതരും ഒപ്പമുണ്ടായിരുന്ന മൂത്ത മകനോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. വിവരം ലഭിച്ചയുടന്‍ ആശുപത്രിയിലെത്തിയ പോലീസ് സംഘം യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് കുതിക്കുകയായിരുന്നു.
'ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. 1.3 കിലോ ഭാരമാണ് കുഞ്ഞിനുള്ളത്. 28 ആഴ്ച മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ കുട്ടി നിരീക്ഷണത്തിലാണ്' മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ആലപ്പുഴ പത്തനംതിട്ട അതിര്‍ത്തി പങ്കിടുന്ന കോട്ട എന്ന സ്ഥലത്താണ് 35-കാരിയായ യുവതി വാടകയ്ക്ക് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ് യുവതിയെ എന്നാണ് വിവരം. വീടിന് പുറത്തുള്ള കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. രണ്ടു വര്‍ഷമായി യുവതി മൂത്ത മകനും അമ്മയ്ക്കുമൊപ്പം ഇവിടെ താമസിക്കുന്നുണ്ട്. യുവതിക്ക് ചെറിയ രീതിയില്‍ മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
Content Highlights: chengannur-police-rescued-newborn-baby-minister Saji Cherian fb post