ഇങ്ങനെ ദ്രോഹമരുത്; ഓട്ടോ ഡ്രൈവർമാരുടെ ചെണ്ടുമല്ലിക്കൃഷി വെട്ടിനശിപ്പിച്ചു

കോട്ടായി: “മറ്റെന്ത് വിരോധമുണ്ടെങ്കിലും, ഏറെ കരുതലോടെ വളർത്തിെയടുത്ത ഈ പൂച്ചെടികളോട് ഇത്രയും ദ്രോഹംചെയ്യാൻ എങ്ങനെ മനസ്സുവരും. ഇത് അതിരുകടന്നതായി” -പരുത്തിപ്പുള്ളി കരിങ്കുളത്ത് സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ച ചെണ്ടുമല്ലിക്കൃഷിത്തോട്ടത്തിലേക്കുനോക്കി ഓട്ടോഡ്രൈവർമാർ സങ്കടംപറഞ്ഞു. പ്രദേശത്ത് കാടുപിടിച്ചുകിടന്ന സ്ഥലം പാട്ടത്തിനെടുത്തശേഷം പിരിവെടുത്ത് സമ്പാദിച്ച തുകകൊണ്ട് ഓട്ടോഡ്രൈവർമാർ നട്ടുപിടിപ്പിച്ച ചെണ്ടുമല്ലിച്ചെടികളാണ് വെള്ളിയാഴ്ച രാത്രി ചിലർ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു കൃഷി.
കഴിഞ്ഞ രണ്ടുവർഷമായി പ്രദേശത്തെ 50 സെൻറ് സ്ഥലം പാട്ടത്തിനെടുത്ത് പൂക്കൃഷിയും പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. ഇക്കുറി രണ്ടരമാസം മുൻപാണ് ചെണ്ടുമല്ലിപ്പൂക്കൃഷി ആരംഭിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. പിരിവെടുത്ത് സ്വരൂപിച്ച 10,000 രൂപയായിരുന്നു മൂലധനം. എട്ടുരൂപ വിലയ്ക്ക് വാങ്ങിയ 350 ചെണ്ടുമല്ലിത്തൈകളാണ് വെച്ചത്.
പുലർച്ചെയും ഒഴിവുസമയങ്ങളിലും ഡ്രൈവർമാരെത്തി വെള്ളവും വളവും നൽകിയും കളകൾ പറിച്ചുമാറ്റിയും പരിപാലിച്ചു. ഓണക്കാലത്ത് വാങ്ങാനായി ബെംഗളൂരുവിൽനിന്നടക്കം അന്വേഷണമെത്തിയിരുന്നതായും പൂവിറ്റ് ചെറിയലാഭം കിട്ടിയിരുന്നതായും ഓട്ടോഡ്രൈവർമാർ പറഞ്ഞു. സാമൂഹികവിരുദ്ധർ പൂച്ചെടികൾ വെട്ടിനശിപ്പിച്ച വിവരം ശനിയാഴ്ച പുലർച്ചയാണ് അറിഞ്ഞത്. പ്രദേശം കാട്ടുപന്നിശല്യമുള്ള സ്ഥലമാണ്. ഇവയെത്തി ചെടികൾ നശിപ്പിച്ചെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് കത്തികൊണ്ട് വെട്ടിനശിപ്പിച്ചതായി തിരിച്ചറിഞ്ഞതെന്നും ഡ്രൈവർമാർ പറയുന്നു.
കാടുപിടിച്ചുകിടന്നിരുന്ന സ്ഥലം കൃഷിക്ക് ഉപയോഗിച്ചുതുടങ്ങിയതോടെ നാട്ടുകാരും ഏറെ പിന്തുണ നൽകിയിരുന്നതായി ഓട്ടോഡ്രൈവർമാർ പറഞ്ഞു. പയർ, മുളക്, വെണ്ടയ്‌ക്ക കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. ഈവഴി പോകുന്ന യാത്രക്കാരും നാട്ടുകാരും പച്ചക്കറിയും പൂവും വാങ്ങാറുണ്ട്. പൂച്ചെടികൾ വെട്ടിനശിപ്പിച്ചവർക്കെതിരേ കർശന നടപടി വേണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ഇ.ആർ. രാംദാസ് പറഞ്ഞു. ഓട്ടോ ഡ്രൈവർമാർ കോട്ടായിപോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടങ്ങി.
Content Highlights: Auto Driver's farming; chendumalli crops were destroyed by destroyed by anti socials