പോക്സോ കേസിൽ വീണ്ടും ആറുവർഷം തടവ്; നിലവിൽ 240 വർഷം തടവുമായി ജയിലിൽ

ചാവക്കാട്: രണ്ട് പോക്സോ കേസുകളിലായി 240 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ വീണ്ടും ആറുവർഷം കഠിനതടവ് വിധിച്ചു. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടിവീട്ടിൽ സജീവനെ(52)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറുവർഷം കഠിനതടവിനും 40,000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം നാലുമാസംകൂടി അധികതടവ് അനുഭവിക്കണം. പന്ത്രണ്ടുവയസ്സുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് എസ്ഐ ആയിരുന്ന സെസിൽ ക്രിസ്ത്യൻരാജ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇരയായ കുട്ടിയുടെ ഇളയസഹോദരനെയും കൂട്ടുകാരനെയും ലൈംഗികമായി ഉപദ്രവിച്ച കേസുകളിലാണ് 130 വർഷവും 110 വർഷവും ഇതേ കോടതി ഇയാൾക്ക് നേരത്തേ ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.
Content Highlights: Man already serving 240 years in POCSO cases gets another 6-year rigorous imprisonment in Chavakkad for sexual assault on a minor. Learn more.