മതിൽ ചാടിക്കടന്ന് വാതിൽ തള്ളിത്തുറന്ന് ബലമായി കസ്റ്റഡിയിലെടുത്തു; തീർപ്പായ കേസിൽ പോലീസ് അതിക്രമം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചാത്തന്നൂർ: തീർപ്പായ കേസിൽ പഴയ വാറന്റുമായെത്തി ഗൃഹനാഥനെ രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് കസ്റ്റഡിയിലെടുത്ത് ചാത്തന്നൂർ പോലീസ്. പള്ളിമൺ മുകളുവിള വീട്ടിൽ വി.ആർ.അജിയെ(53)യാണ്‌ ചാത്തന്നൂർ പോലീസ് ബുധനാഴ്ച രാത്രി 12-ന് കസ്റ്റഡിയിലെടുത്തത്. അബദ്ധം പറ്റിയെന്നു മനസ്സിലായിട്ടും ഗൃഹനാഥനെ പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ഇരുത്തി ഒടുവിൽ പുലർച്ചെ മൂന്നിന് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്.

സമീപവാസിയുമായുണ്ടായിരുന്ന തർക്കത്തിന്റെ പേരിൽ രണ്ടുപേരുടെയും പരാതികളിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ 2013 മുതൽ കേസുണ്ടായിരുന്നു. ഏതാനുംമാസംമുൻപ് രണ്ടുപേർക്കും സമൻസ് വന്നു. ആദ്യ ഹിയറിങ് ദിവസങ്ങളിൽ കോടതിയിൽ ഹാജരാകാഞ്ഞതിനാൽ അജിക്ക് പരവൂർ കോടതി വാറന്റ് പുറപ്പെടുവിച്ചു. അതിനുശേഷം അജി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.

രണ്ടുപേരും ഒത്തുതീർപ്പിലെത്തിയതോടെ കഴിഞ്ഞ ജനുവരി 29-ന് ഇരുവരെയും വെറുതേവിട്ട് കോടതി കേസ് തീർപ്പാക്കി. എന്നാൽ ഇതറിയാതെ പഴയ വാറന്റുമായി ബുധനാഴ്ച രാത്രി ചാത്തന്നൂർ സി.ഐ.യുടെ നേതൃത്വത്തിൽ എത്തിയ അഞ്ചംഗ പോലീസ് സംഘം അജിയെ കഡിയിലെടുക്കുകയായിരുന്നു.

മതിൽ ചാടിക്കടന്നെത്തിയ പോലീസ് കോളിങ് ബെല്ല് അടിച്ചു. ഈ സമയം അജി ഉറക്കമായിരുന്നു. ഭാര്യയും പ്ലസ്ടു കഴിഞ്ഞ മകളും ജനൽതുറന്ന് ആരാണെന്നു ചോദിച്ചപ്പോൾ കതക് തുറക്കാൻ ആക്രോശിച്ചു. വാതിൽ തുറക്കാനായി പോകുമ്പോഴേക്കും തള്ളിത്തുറന്ന് അകത്തേക്ക് കയറി. കിടപ്പുമുറിയിലായിരുന്ന തന്നെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് അജി പറയുന്നു.

എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പലതവണ ചോദിച്ചിട്ടും മറുപടി നൽകാതെ അസഭ്യം പറയുകയായിരുന്നെന്നും അജി പറഞ്ഞു. ഒട്ടേറെ തവണ കഴുത്തിനു പിടിച്ചുതള്ളി. ഷർട്ട് ധരിക്കാൻ ആദ്യം അനുവദിച്ചില്ല. ജീപ്പിൽ കയറ്റിയശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകാതെ രാത്രി മറ്റ് സ്ഥലങ്ങളിലെല്ലാം കറക്കി. ഒടുവിൽ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് കേസുകളുടെ സ്ഥിതിയറിയാൻ കഴിയുന്ന ഇ- കോർട്ട് പോർട്ടൽ പരിശോധിക്കണമെന്നു പറഞ്ഞ് പരിശോധിച്ചപ്പോഴാണ് കേസ് തീർപ്പായെന്നു വ്യക്തമായത്.

ഇതോടെ അബദ്ധം മനസ്സിലായ പോലീസ് അജികുമാറിനെ 1.30-ഓടെ ചാത്തന്നൂർ സ്റ്റേഷനിൽ എത്തിച്ചു. ചാത്തന്നൂർ സി.ഐ. തന്നെയും മകളെയും ഭീഷണിപ്പെടുത്തിയതായും വീടിന്റെ വാതിൽ തകർത്തതായുംകാട്ടി സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം കമ്മിഷണർക്ക് അജികുമാർ പരാതി നൽകിയിട്ടുണ്ട്. കമ്മിഷണർക്കു പുറമേ മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവർക്കും പരാതി നൽകി.

Content Highlights: Chathannoor police arrested man at midnight based on old warrant, even after case was dismissed