ജൂവലറി ഉടമയുടെ ഫോൺ കോളിൽ തെളിഞ്ഞത് ഒരു മാലപൊട്ടിക്കൽ കേസ്

സുജിത്ത് (സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ഫറോക്ക്)
സുജിത്ത് (സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ഫറോക്ക്)

ഫറോക്ക് (കോഴിക്കോട്): ഫറോക്ക് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. എസ്.പി. സുജിത്തിന് ലഭിച്ച ജൂവലറി ഉടമയുടെ ഫോൺകോളിൽ തെളിഞ്ഞത് ഒരു മാലപൊട്ടിക്കൽ കേസ്. ഫോൺ വന്നതിനുപിന്നാലെ എസ്.ഐ. അന്വേഷിച്ചിറങ്ങിയതുകൊണ്ട് പ്രതിയെ കൈയോടെ പിടികൂടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തന്റെ സുഹൃത്തും ഫറോക്കിലെ തങ്കം ജൂവലറി ഉടമയുമായ ഗോപി, സുജിത്തിനെ വിളിക്കുന്നത്. 

‘‘ഏകദേശം മൂന്നുപവനോളം തൂക്കം വരുന്ന സ്വർണമാല വിൽക്കാൻ ഒരാൾ വന്നിരുന്നു. മാല പരിശോധിച്ചപ്പോൾ മാലയിൽ വലിച്ചിൽ സംഭവിച്ചിട്ടുണ്ട്. കൊളുത്ത് വളഞ്ഞ മട്ടുമുണ്ട്. മാല ഞങ്ങൾ വാങ്ങിയിട്ടില്ല. അയാൾ ഇപ്പോൾ കടയിൽനിന്ന് പോയിട്ടുണ്ട്. എന്തോ പിശകുള്ളതുപോലെയുണ്ട്‌ ’ -ഇതായിരുന്നു േഫാൺകോളിന്റെ ചുരുക്കം. അയാൾ പോവുന്ന സ്ഥലം നോക്കിവെക്കാൻ സുജിത്ത്, ഗോപിയോട് പറഞ്ഞു.

ഫറോക്ക് റെയിൽവേ സ്റ്റേഷൻ റോഡിൽ ചെരിപ്പ് നന്നാക്കുന്ന ഇടത്ത് ഇയാളുണ്ടെന്ന് മനസ്സിലാക്കി സുജിത്ത് അവിടെയെത്തി. അപ്പോൾ അവിടെ അഞ്ചുപേരുണ്ടായിരുന്നു. അവിടെയിരുന്ന്‌ സ്വർണം വിൽക്കാൻ എവിടെയെങ്കിലും പോയിരുന്നോ എന്ന് ചെരിപ്പുനന്നാക്കുന്ന ആളോട് എസ്.ഐ. ചോദിച്ചു. അപ്പോൾ അയാൾ പരുങ്ങലിലായി. കൂടുതൽ ചോദിച്ചപ്പോൾ തൊട്ടപ്പുറത്ത് നടപ്പാതയ്ക്ക് സമീപം ഇരിക്കുന്നയാളെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒടുവിൽ അപ്പുറത്ത് ഷൂ ധരിച്ചിരിക്കുന്ന ആളാണ് സ്വർണം തന്നുവിട്ടതെന്നും അങ്ങനെയാണ് ജൂവലറിയിൽ പോയതെന്നുമെല്ലാം സംശയിച്ചു. അയാളെ േചാദ്യംചെയ്തപ്പോൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. 

പിന്നീട് പരസ്പരവിരുദ്ധമായ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു. ആദ്യം തന്റെ സഹോദരിയുടെ സ്വർണം വിൽക്കാൻ വന്നതാണെന്ന് പറഞ്ഞു. പിന്നീട് തന്റെ ഭാര്യയുടേതാണെന്നും പറഞ്ഞു. ഇതോടെ കാര്യം പിടികിട്ടി. ഫറോക്ക് പോലീസെത്തി അയാളെ ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള ചോദ്യംചെയ്യലിൽ വെള്ളിമാടുകുന്ന് സ്വദേശിയായ പുളിയങ്കോടുകുന്ന് വീട്ടിൽ ഷാനൂബ്‌ കുമാർ (42) സത്യം തുറന്നുപറഞ്ഞു. 28-ന് മാവൂരിലെ വീട്ടമ്മയുടെ മാല പൊട്ടിച്ചതാണെന്നും അതുവിൽക്കുന്നതിനാണ് ഫറോക്കിൽ എത്തിയതെന്നും പറഞ്ഞു. ഷാനൂബ് കുമാറിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം പോലീസ് കണ്ടെടുക്കുകയും ഉടൻ മാവൂർ പോലീസിന്‌ കൈമാറുകയുംചെയ്തു. രാമനാട്ടുകരയിലെ ജൂവലറി കുത്തിത്തുറന്ന് നടത്തിയ മോഷണത്തിലും സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.യായിരുന്ന സുജിത്തിന്റെ നീക്കം പ്രതിയെ പിടികൂടാൻ ഏറെ സഹായകമായിരുന്നു.

Content Highlights: chain snacting case kozhikkode