ചിത്രപ്രിയയെ പിന്നിലിരുത്തി പോവുന്ന അലന്റെ സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവായി; കുറ്റം സമ്മതിച്ചു

സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യം

കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ചിത്രപ്രിയയുമായി വഴക്കുണ്ടായപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാണെന്ന് അലന്‍ പറഞ്ഞു. 

ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരവെയാണ് കഴിഞ്ഞ ദിവസം മലയാറ്റൂരിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍നിന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

അലനൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഞായറാഴ്ച പുലർച്ചെ 1.53-നുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാള്‍ ബൈക്കില്‍ മുന്നില്‍ പോകുന്നതും വീഡിയോയിലുണ്ട്. ചിത്രപ്രിയക്കൊപ്പമുണ്ടായിരുന്നത് അലനാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചിത്രപ്രിയയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു തുടക്കത്തിൽ അലന്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. നിലവില്‍ അലന്‍ പോലീസ് കസ്റ്റഡിയിലാണ്.

ചിത്രപ്രിയയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ്‌ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ കല്ലുകളില്‍ രക്തം പടര്‍ന്നിരുന്നു. കൂടാതെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടാകും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. മരണകാരണം ശാസ്ത്രീയമായി ഉറപ്പിച്ച ശേഷം സമഗ്രാന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Content Highlights: CCTV footage played a crucial role in solving the murder of Chithra Priya in Malayattoor. Her friend Alan confessed to the crime under police interrogation.