ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

എരൂര്‍: ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്ഥാപനമുടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. സ്ഥാപന ഉടമ ടി.യു. സുമേഷ് കുമാറിന്റെ പേരിലാണ് ഹില്‍പ്പാലസ് പോലീസ് കേസ് എടുത്തത്. സിപിഎം എരൂര്‍ ലേബര്‍ ജങ്ഷന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.
സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്നാണ് 2024 ജൂണ്‍ 11-ന് പരാതിക്കാരിയായ 23-കാരി സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് രണ്ടാമത്തെ ആഴ്ചതന്നെ ആദ്യ പീഡന ശ്രമം നടന്നതായി പറയുന്നു. പിന്നീടും പീഡനശ്രമം നടന്നതിനാല്‍ ജോലി ഉപേക്ഷിച്ചു. അടുത്ത ദിവസങ്ങളിലായി ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതിക്ക് റസീപ്റ്റ് നല്‍കാന്‍പോലും പോലീസ് തയ്യാറായില്ല എന്നും പറയുന്നു. പിന്നീട് പെണ്‍കുട്ടിയും കുടുംബവും തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സിഎംപി ഫയല്‍ ചെയ്തു. കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
എന്നാല്‍, സ്ഥാപനത്തിലെത്തി പ്രശ്‌നം ഉണ്ടാക്കിയെന്ന പരാതിയില്‍ യുവതിക്കെതിരേ മുന്‍പ് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും ഹില്‍പ്പാലസ് പോലീസ് പറഞ്ഞു.
Content Highlights: case against cpm worker for attempt to rape