ബിഹാറിൽ വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി; പ്രണയനൈരാശ്യമെന്ന് പോലീസ്

ബക്സർ: ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ ദീൻബന്ധുവാണ് വെടിയുതിർത്തത്.
വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവെക്കുകയായിരുന്നു. ഇയാൾ ആരതിയുടെ മുൻകാമുകനാണെന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസ് നിഗമനം.
വിവാഹചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ ആളുകൾ ചിതറിയോടി.
പെൺകുട്ടിയെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. പ്രതി ദീൻബന്ധു നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദൻ കുമാർ അറിയിച്ചു.
Content Highlights: A bride in Buxar, Bihar was shot by her former lover during her wedding ceremony. She is in critical condition.