'അക്രമികൾ ഉറങ്ങുമ്പോൾ രക്ഷപ്പെട്ടു'; അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

മുഹമ്മദാലി, തട്ടിക്കൊണ്ടുപോയശേഷം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ വാഹനം
മുഹമ്മദാലി, തട്ടിക്കൊണ്ടുപോയശേഷം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ വാഹനം

തിരുമിറ്റക്കോട് (പാലക്കാട്): തിരുമിറ്റക്കോട്ടു നിന്ന് അജ്ഞാതസംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ വ്യവസായി കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി.

കോഴിക്കാട്ടിരി പാലത്തിനുസമീപം ആറങ്ങോട്ടുകര-കൂട്ടുപാത റോഡിൽ വച്ചാണ് മുഹമ്മദലിയെ സംഘം  തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം മുഹമ്മദാലിയുടെ  കാറിന് കുറുകെ  അവരുടെ വാഹനം നിര്‍ത്തിയാണ്  തട്ടിക്കൊണ്ടുപോയത്. മുഹമ്മദാലിയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു. വാഹനത്തോടൊപ്പം ഡ്രൈവറെയും റോഡില്‍ ഉപേക്ഷിച്ചാണ് അക്രമികള്‍ മുഹമ്മദാലിയുമായി കടന്നു കളഞ്ഞത്.

ഒറ്റപ്പാലത്തിനടുത്തുള്ള കോതക്കുറിശിയില്‍ ഒരു വീട്ടിലാണ് മുഹമ്മദാലിയെ തടവിലാക്കിയിരുന്നത്. ഇവിടെവച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവര്‍ ഉറങ്ങുന്ന സമയത്ത് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മുഹമ്മദാലി പറഞ്ഞു. പിന്നീട് പ്രദേശവാസികളെ കണ്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമിച്ച സംഘത്തെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും, അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

സമീപകാലത്ത് ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് ചില വ്യക്തികളുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് മുഹമ്മദാലി പോലീസിനോട് പറഞ്ഞു. ഇതിന് പിന്നിലെ വൈരാഗ്യമാവാം തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: Palakkad businessman kidnapped at gunpoint found brutally assaulted. Police searching for abductors. Learn more about the incident.