ബുള്ളറ്റ് മോഷ്ടിച്ച് ഹെല്‍മറ്റില്ലാതെ കറങ്ങി, എ.ഐ. ക്യാമറയില്‍ കുടുങ്ങി; പിന്നാലെ പിടിയിലായി

ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയുടെ ദ്യശ്യം എ.െഎ. ക്യാമറയിൽ പതിഞ്ഞപ്പോൾ(ഇടത്ത്) പിടിയിലായ ലബീഷ്(വലത്ത്)
ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയുടെ ദ്യശ്യം എ.െഎ. ക്യാമറയിൽ പതിഞ്ഞപ്പോൾ(ഇടത്ത്) പിടിയിലായ ലബീഷ്(വലത്ത്)


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് കടന്ന പ്രതി എ.ഐ. ക്യാമറയില്‍ കുടുങ്ങി. കാസര്‍കോട് സ്വദേശി മനിയത്ത് കുളങ്ങര മൈലാഞ്ചും വീട്ടില്‍ പി.വി. ലബീഷ് (23) ആണ് പിടിയിലായത്.

കണ്ണൂരില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് ഹെല്‍മറ്റ് ധരിക്കാതെ കോഴിക്കോട് ഭാഗത്തേക്ക് പോയ പ്രതിയുടെ ദൃശ്യം തലശ്ശേരി കൊടുവള്ളിയിലെ എ.ഐ. ക്യാമറയില്‍ പതിഞ്ഞു. ഇതിനിടെ വ്യാഴാഴ്ച എരഞ്ഞിപ്പാലത്തിന് സമീപം വര്‍ക്ക്‌ഷോപ്പില്‍ സൂക്ഷിച്ച സ്‌കോര്‍പ്പിയോ കാര്‍ മോഷണം പോയിരുന്നു. നടക്കാവ് പോലീസ് പ്രദേശത്തെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ലബീഷ് ഈ വാഹനത്തില്‍ സഞ്ചരിക്കുന്നതായി വ്യക്തമായി.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എ.ഐ. ക്യാമറയില്‍ ബൈക്കില്‍ കറങ്ങുന്ന ദ്യശ്യവും ലഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊയിലാണ്ടിയില്‍ കാറില്‍ സഞ്ചരിക്കുന്നതായി കണ്ടെത്തി. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായ പ്രതി വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കോമത്തുകരയില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടിക്കുകയായിരുന്നു. ചാലാട് അന്പലത്തിന് സമീപത്തെ ടി. രാജേഷിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റാണ് മോഷണം പോയത്.

സംസ്ഥാനത്തും പുറത്തും പല വാഹന മോഷണക്കേസിലും പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യമായി.

നടക്കാവ്, കണ്ണൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. ജിജീഷ്, പി.എ. ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

Content Highlights: bullet theft case accused arrested after caught in ai camera