ഇൻസ്റ്റഗ്രാം ഇന്‍ഫ്‌ളുവൻസറായ 18-കാരിയുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ, പോക്‌സോ ചുമത്തി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇന്‍ഫ്‌ളുവൻസറായ 18-കാരി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ അറസ്റ്റുചെയ്തു. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പോക്സോ കേസ് ചുമത്തി പൂജപ്പുര പോലീസാണ് അറസ്റ്റുചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക വിവരം ചോദ്യംചെയ്യലിൽ ലഭിച്ചതായി പോലീസ് അറിയിച്ചു.
സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ യഥാർഥ മരണകാരണം അറിയണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകി. തുടർന്ന് കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
സൈബർ ആക്രമണമല്ല മരണകാരണമെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. മരണത്തില്‍ നെടുമങ്ങാട് സ്വദേശിയായ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മുൻപ് സ്ഥിരമായി എത്താറുള്ള പെൺകുട്ടിയുടെ സുഹൃത്ത് രണ്ടുമാസമായി വീട്ടിൽ വരുന്നില്ലെന്നും ഇയാളാണ് മരണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്നുവെന്നും പരാതിയിൽ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുമല തൃക്കണ്ണാപുരം സ്വദേശിയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: boyfriend arrested in Instagram influencer suicide