“വ്യക്തിജീവിതം പരസ്യമാക്കുന്നത് പക്വതയില്ലായ്മ”; മരിക്കുന്നതിന് മുമ്പും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

തിരുവനന്തപുരം: പക്വതയില്ലാത്ത പ്രായത്തിൽ സാമൂഹികമാധ്യമങ്ങളിൽനിന്നു ലഭിക്കുന്ന പ്രശസ്തിയും പണവും ചതിക്കുഴികളിൽ എത്തപ്പെടാമെന്നതിന്റെ തെളിവാണ് തലസ്ഥാനത്ത് പെൺകുട്ടിക്കുണ്ടായ അനുഭവം. സാമൂഹികമാധ്യമങ്ങളിലൂടെ വളരുന്ന ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പക്വതയില്ലായ്മ വലിയ പ്രയാസങ്ങളുണ്ടാക്കുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.
“വ്യക്തിജീവിതം പൂർണമായും മറ്റുള്ളവരുടെ മുന്നിലേക്ക് എത്തിക്കുന്നത് പക്വതയില്ലായ്മയുടെ ഭാഗമാണ്. സാമൂഹികമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള അവബോധം പ്രായഭേദമന്യേ അനിവാര്യമാണ്. ഇതിനുള്ള പരിശീലനം ലഭ്യമാക്കണം. എന്തും ചെയ്യാനും പറയാനുമുള്ള ഇടമാണ് സാമൂഹികമാധ്യമങ്ങളെന്ന തോന്നലും സമൂഹത്തിനുണ്ട്”- കൊല്ലം ഗവ. മെഡിക്കൽ കോളേജ് സൈക്കാട്രി വിഭാഗം മേധാവി ഡോ. ജി. മോഹൻ റോയ് ചൂണ്ടിക്കാട്ടുന്നു.
ആളുകളുടെ രൂപത്തെയും സ്വഭാവത്തെയും മോശമായി ചിത്രീകരിക്കുന്ന പ്രവണത കൂടുതലാണ്. ഇത് മനസ്സിലാക്കി പ്രതികരിക്കാനുള്ള മാനസിക പക്വത വേണം. നിയമപരമായി പ്രായപൂർത്തിയാകുന്നത് 18 വയസ്സാണെങ്കിലും തലച്ചോർ പ്രായപൂർത്തിയാകുന്നത് 23-നും 25-നും ഇടയിലാണ്. പക്വതയില്ലാത്ത പ്രായത്തിലെ പ്രശസ്തിയും വരുമാനവും കൈകാര്യംചെയ്യാൻ കുട്ടികൾക്ക് കഴിയാറില്ല. വ്യക്തിഹത്യയ്ക്കെതിരേ ശക്തമായ നടപടികൾ ആവശ്യമാണ്.
ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ആളുകളുടെ കാഴ്ച വ്യക്തിജീവിതവുമായി ബന്ധമില്ലെന്ന് മനസ്സിലാക്കണം. നല്ലതും മോശവുമായ വശങ്ങളെ സ്വീകരിക്കാനും നേരിടാനും കഴിയണം. പെട്ടെന്ന് പണവും പ്രശസ്തിയും ലഭിക്കുന്നതിന് നിയമലംഘനങ്ങൾവരെ 'കണ്ടന്റ്' ആക്കുന്നു. പോലീസ് കേസുകൾപോലും പ്രശസ്തിക്കുള്ള മാർഗമായി കണക്കാക്കുന്നവരാണ് കൂടുതലും. രക്ഷാകർത്താക്കൾക്കും ഇതിൽ ഒരു പരിധിവരെ പങ്കുണ്ട്. പണവും പ്രശസ്തിയും ആസ്വദിക്കുകയും പ്രശ്നങ്ങളിൽ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതും കണ്ടുവരുന്നു. കാര്യങ്ങൾ ഗൗരവത്തോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം- ഡോ. മോഹൻ റോയ് അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം, സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ 18 വയസ്സുകാരിയുടെ മരണത്തെ തുടർന്ന് സുഹൃത്തിനെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ബിനോയി (21) യെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സോഷ്യൻ മീഡിയ ഇൻഫ്ളുവൻസറായ പെൺകുട്ടി മരിച്ചത്. ഈ മാസം പത്തിനാണ് പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പെൺകുട്ടിയും സുഹൃത്തായ ബിനോയിയും സോഷ്യൽമീഡിയയിൽ ഒരുമിച്ച് റീലുകൾ ചെയ്തിരുന്നു. നാല് മാസം മുമ്പ് ഇവർ തമ്മിൽ പിണങ്ങി പിരിഞ്ഞിരുന്നു.
പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത മകളെ യുവാവ് ചതിക്കുകയായിരുന്നെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പെൺകുട്ടിയുടേയും ബിനോയിയുടേയും മൊബൈൽ ഫോണുകൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇവയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പെൺകുട്ടിക്കെതിരേ സോഷ്യൽ മീഡിയയിൽ ഇയാളുമായി ബന്ധപ്പെട്ടവർ ആക്രമണം നടത്തിയിരുന്നതായും പരാതിയുണ്ട്. ഇതിൽ പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇരുവരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ ആത്മഹത്യക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്്. പ്ലസ്ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു പെൺകുട്ടി. സൈബറിടത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പെൺകുട്ടിയെ വഴക്ക് പറഞ്ഞിരുന്നതായും ശബ്ദരേഖ പ്രചരിക്കുന്നുണ്ട്്.
പെൺകുട്ടിയുടെ ആത്മഹത്യ സൈബർ ആക്രമണത്തെ തുടർന്നാണെന്ന ആരോപണങ്ങളെ തുടർന്ന് പോലീസ് സൈബർ സംഘത്തെ രൂപവത്‌കരിച്ചിട്ടുണ്ട്. മകളുടെ മരണത്തിന് കാരണം ബിനോയിയാണെന്ന് ശക്തമായ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. യഥാർത്ഥ മരണകാരണം പുറത്തുവരണം. ബിനോയി മുമ്പ് വീട്ടിൽ വരാറുണ്ടായിരുന്നു.
നാലുമാസം മുമ്പ് ബിനോയിയുമായി പിണങ്ങിയെന്നാണ് മകൾ പറഞ്ഞത്. സൈബർ ആക്രമണം മാത്രമാണ് മരണകാരണമെന്ന് കരുതുന്നില്ല. വിശദമായ അന്വേഷണം നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു. മാതാപിതാക്കളും സഹോദരനും സന്തോഷമായി ഇരിക്കണമെന്ന് മരിക്കുന്നതിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടി പോസ്റ്റിട്ടിരുന്നു.
Content Highlights: boyfriend arrested in Instagram influencer death