കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം: സ്ഥലമുടമ തൂങ്ങിമരിച്ചത് ദിവസങ്ങൾക്കുമുൻപ്; അന്വേഷണം

Screengrab: Mathrubhumi News
Screengrab: Mathrubhumi News

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള സെപ്റ്റിക് ടാങ്കിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

അഞ്ഞൂരിലെ ശിവരാമന്‍ എന്നയാളുടെ പറമ്പിലുള്ള സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലമുടമയായ ശിവരാമന്‍ രണ്ടാഴ്ച മുന്‍പാണ് തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായി നാട്ടുകാരും ബന്ധുക്കളും അടക്കം കഴിഞ്ഞദിവസം ഇവിടെ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 

കൈയുംകാലും മടക്കിയനിലയിലാണ് പുരുഷന്റെ മൃതദേഹം ടാങ്കിനുള്ളില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം, വടക്കേക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം സെപ്റ്റിക് ടാങ്കില്‍നിന്ന് പുറത്തെടുക്കാനുള്ള നടപടികളും ആരംഭിച്ചു.

അതേസമയം, ശിവരാമന്റെ തൂങ്ങിമരണവും സെപ്റ്റിക് ടാങ്കിലെ മൃതദേഹവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നകാര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Content Highlights: body found from a septic tank in kunnamkulam thrissur