വീടുകയറി ആക്രമിച്ച് ബ്ലേഡ് മാഫിയ; വീട്ടമ്മയ്ക്കും മാനസികവെല്ലുവിളി നേരിടുന്ന മകള്‍ക്കും പരിക്ക്

വാഗമണ്‍: ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍, വീട്ടമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ക്കും പരിക്ക്. ഉളുപ്പൂണി ലക്ഷ്മിഭവനില്‍ ആര്‍.സോമന്റെ ഭാര്യ പുഷ്പ, മകള്‍ ശരണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ചവരെ നാട്ടുകാര്‍ തടഞ്ഞു. അക്രമിസംഘത്തിലെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇളയ മകളുടെ വിവാഹാവശ്യത്തിനായി ഉളുപ്പൂണി പ്ലാക്കൂട്ടത്തില്‍ ജോസഫി(കുട്ടപ്പന്‍)ന്റെ പക്കല്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് സോമന്‍ മൂന്നുലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. സ്ഥലം ഈടായി നല്‍കി.
മാസാമാസം പലിശ നല്‍കിയിരുന്നു. ഇടയ്ക്ക് മുടങ്ങിയപ്പോള്‍ കൂട്ടുപലിശയായി. അത് കൊടുക്കാനുള്ള വരുമാനം കല്ലുപണിക്കാരനായ സോമന് ഇല്ലായിരുന്നു. ഇതോടെ പ്രശ്‌നമായി. ഇരുകൂട്ടരും കോടതിയില്‍ സിവില്‍ കേസ് നല്‍കി.
ജോസഫ് ഇവരോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ കുടുംബം ഇവിടെ തുടര്‍ന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് നാല് വാഹനങ്ങളില്‍ കൂട്ടാളികള്‍ക്കൊപ്പം എത്തിയ ജോസഫ് ഇവരോട് വീണ്ടും വീടൊഴിയാന്‍ ആവശ്യപ്പെട്ടു. സോമന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഭാര്യയേയും മകളേയും ഇവര്‍ ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റവരെ പീരുമേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരികെപ്പോയ അക്രമിസംഘത്തെ ചോറ്റുപാറയില്‍വെച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ജോസഫിനെതിരേ സമാനമായ പരാതികള്‍ ഉണ്ട്.
Content Highlights: blade mafia attack in vagamon