യുവാവിനുനേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം, കല്ലുകൊണ്ടിടിച്ചു; ഗുണ്ടകളെ നാട്ടുകാര്‍ പിടികൂടി

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ | Screengrab: Mathrubhumi News
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ | Screengrab: Mathrubhumi News

കൊല്ലം: അഞ്ചലില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബ്ലേഡ് മാഫിയ. ഏരൂര്‍ സ്വദേശി വിഷ്ണുവിനെയാണ് ചിത്തിര സൈജു എന്ന സൈജുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം നടുറോഡിലിട്ട് ആക്രമിച്ചത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച വൈകിട്ട് അഞ്ചല്‍ പനച്ചിവിളയിലായിരുന്നു സംഭവം. സൈജുവില്‍നിന്ന് വിഷ്ണു നേരത്തെ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ ഗുണ്ടാസംഘത്തിന്റെ മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. ഗുണ്ടാസംഘത്തിലെ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 


 

Content Highlights: blade mafia attack against youth in anchal kollam