പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനംചെയ്ത് തട്ടിപ്പ്: അഡ്വാൻസ് തിരിച്ചുനൽകി എ.എൻ രാധാകൃഷ്ണന്റെ സൊസൈറ്റി

സൈന്‍ സൊസൈറ്റിയില്‍ പണം തിരികെ വാങ്ങാന്‍ എത്തിയവര്‍, എ.എന്‍. രാധാകൃഷ്ണന്‍ | Photo: Screen grab/ Mathrubhumi News, Mathrubhumi
സൈന്‍ സൊസൈറ്റിയില്‍ പണം തിരികെ വാങ്ങാന്‍ എത്തിയവര്‍, എ.എന്‍. രാധാകൃഷ്ണന്‍ | Photo: Screen grab/ Mathrubhumi News, Mathrubhumi

കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള പരാതികള്‍ക്ക് പിന്നാലെ അഡ്വാന്‍സ് തുക തിരികെ നല്‍കി ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി. ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവര്‍ക്ക് 13-ാം തീയതി രേഖപ്പെടുത്തിയ ചെക്കാണ് സൊസൈറ്റി നല്‍കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന് എ.എന്‍. രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായ എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സൈന്‍ സൊസൈറ്റി വഴി ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നു. ഇതിന് അഡ്വാന്‍സായി വാങ്ങിയ തുകയാണ് തിരിച്ചുനല്‍കുന്നത്. മാര്‍ച്ചിനുള്ളില്‍ വാഹനം ലഭ്യമാക്കാമെന്ന് സൊസൈറ്റി ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂട്ടറിനായി അപേക്ഷിച്ചവര്‍ പണം തിരികെ വാങ്ങുകയാണ്.

ആദ്യഘട്ടത്തില്‍ അപേക്ഷകര്‍ക്ക് കൃത്യമായി വിതരണം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് പലര്‍ക്കും ഇവ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായി. ഒരുവര്‍ഷം വരെ കാത്തിരുന്നിട്ടും പലര്‍ക്കും സ്‌കൂട്ടറുകള്‍ ലഭിച്ചില്ല. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അടച്ച പണം തിരികെനല്‍കാന്‍ സൈന്‍ സൊസൈറ്റി തയ്യാറായത്. ഇതോടെ ആളുകള്‍ കൂട്ടമായി പണം തിരികെ വാങ്ങാന്‍ എത്തിത്തുടങ്ങി. എറണാകുളം ജില്ലയുടെ പലഭാഗത്തുനിന്നുള്ളവര്‍ സൈനിന്റെ ഇടപ്പള്ളിയിലുള്ള ഓഫീസിലേക്ക്  എത്തുന്നുണ്ട്. സ്‌കൂട്ടറിനായി നല്‍കിയ തുകയ്ക്ക് തുല്യമായ ചെക്കാണ് സൊസൈറ്റി നല്‍കുന്നത്.

Content Highlights: Society headed by AN Radhakrishnan returns advance payments after allegations of financial fraud