‘കപ്പിൾട്രിപ്പ്’ മുതൽ വാഴക്കുലവരെ, ശർക്കരയും 'ഡ്രോപ് ബോക്സും'; തൂഫാൻ കടുത്തപ്പോൾ ലഹരിനീക്കത്തിന് പലവഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കടത്തിന് വ്യത്യലസ്ത വഴികൾ തേടുകയാണ് ലഹരിമാഫിയകൾ. മുൻപെങ്ങുമില്ലാത്തവിധം അത്യാധുനിക വഴികളിലൂടെയാണ് ലഹരിക്കടത്തു സംഘത്തിന്റെ നീക്കങ്ങൾ. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അതിർത്തി കടത്താൻ ബുദ്ധിമുട്ടായതോടെ മിഠായിപ്പൊതികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആംബുലൻസ്, ഓൺലൈൻ ടാക്സികൾ എന്നിവയെല്ലാം മറയാക്കിയാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നത്.
സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ പലരും ലഹരി വിൽപ്പനയുടെ ലോകത്താണെന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. കഴിഞ്ഞ ദിവസമാണ് യുവകർഷകനുള്ള പുരസ്കാര ജേതാവിനെ ലഹരിയുമായി പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികമാർ ലഹരി വിൽപന കേസിൽ പിടിയിലായത് ഏതാനും മാസങ്ങൾക്കു മുൻപാണ്.
2015 മുതൽ 2018 വരെ ജർമനിയിൽ അഗ്രി ബിസിനസ് കോഴ്സ് പഠിച്ച് കേരളത്തിലെത്തിയ ധനേഷ് എസ്. നായർ എന്ന ഡാനിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുലയ്ക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അംഗീകാരങ്ങൾ നേടിയ കർഷകൻ എന്ന ഇമേജും ഇയാൾക്ക് ലഹരിക്കടത്തിനുള്ള മറയായി.
അടുത്തിടെയായി ലഹരിക്കടത്തിന് പല നൂതനവഴികളാണ് സംഘം ഉപയോഗിക്കുന്നത്. ഓരോ ലഹരിക്കടത്തിനും വ്യത്യസ്തമായ രീതികളാണ്. അതിന്റെ ഏറ്റവും ഒടുവിലത്തേതായിരുന്നു യുവകർഷകന്റെ വാഴക്കുലകൾക്കുള്ളിലെ ലഹരിക്കടത്ത്.
മിഠായിപ്പൊതികളിൽ എത്തുന്ന കഞ്ചാവ്
തിരുവനന്തപുരം നെടുമങ്ങാട്ടെ ഒരു ഹോസ്റ്റലിൽ പാർസലായെത്തിയ മിഠായികൾ പോലീസും ഡാൻസാഫ് സംഘവും പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെടുത്ത മിഠായിപ്പൊതികളിൽ ഉണ്ടായിരുന്നതാകട്ടെ, കഞ്ചാവിന്റെ സാന്നിധ്യമുള്ള മധുരക്കട്ടയും. അന്യസംസ്ഥാനത്ത് നിന്നായിരുന്നു പാർസൽ എത്തിയത്. ഹോസ്റ്റലിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളുടെ പേരിലാണ് പാർസൽ എത്തിയത്. ഇവർ ഹോസ്റ്റലിന് തൊട്ടടുത്ത് തന്നെയാണ് താമസിച്ചിരുന്നത്.
കഞ്ചാവ് പൊതികളാക്കി കേരളത്തിലെത്തിക്കുന്നതിന് പ്രയാസം നേരിട്ടപ്പോൾ മിഠായിപ്പൊതികളിൽ മിഠായികളെന്ന വ്യാജേന പാർസലായി കേരളത്തിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു ലഹരിക്കടത്തു സംഘം സ്വീകരിച്ചത്. ലഖ്നൗവിൽനിന്നാണ് ഈ ലഹരി മിഠായികൾ എത്തിച്ചതെന്നാണ് അന്വേഷണസംഘം അന്ന് വ്യക്തമാക്കിയത്. വിദ്യാർഥികൾക്കടക്കം ഇവ വിറ്റിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.
വ്യാജ വിലാസങ്ങൾ നൽകി ഇതര സംസ്ഥാനങ്ങളിൽനിന്ന് പാക്കറ്റുകൾ വഴിയും ലഹരി എത്തിക്കുന്നുണ്ട്. പുസ്തക താളുകൾക്കിടയിൽ ഒട്ടിച്ച നിലയിലും ഫോട്ടോ ഫ്രെയിമുകൾ, ബ്യൂട്ടി പ്രൊഡക്റ്റുകൾ തുടങ്ങിയവയുടെ പേരിൽ ഓൺലൈൻ വഴി ഓർഡർ ചെയ്തും ലഹരി എത്തിച്ചിരുന്നതായി അടുത്തിടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സോപ്പുപെട്ടികളിലെ ഹെറോയിൻ
60 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശികളായ അജ്ഹരുൽ ഇസ്ലാം (23), ഹരിക്കുൽ ഇസ്ലാം (30) എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ഞപ്പെട്ടിയിൽ താമസിക്കുന്ന വീട്ടിൽനിന്ന് വിൽപ്പനയ്ക്കായി പോകുംവഴിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ച് സോപ്പുപെട്ടികളിലാണ് ഇവർ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബാഗിൽ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചനിലയിലും പാന്റിന്റെ പോക്കറ്റിൽനിന്നുമാണ് ഹെറോയിൻ കണ്ടെത്തിയത്. അസമിൽനിന്ന് ട്രെയിൻ മാർഗം ലഹരി കേരളത്തിലെത്തിച്ചെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
മ്യൂസിക് സ്പീക്കറിലെ ലഹരിക്കടത്ത്
മ്യൂസിക് സ്പീക്കർ പോലുള്ളവയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതും ലഹരിക്കടത്ത് സംഘത്തിന്റെ രീതിയാണ്. അത്ര പെട്ടെന്നൊന്നും കണ്ടെത്താൻ സാധിക്കില്ലെന്ന വിശ്വാസത്തിലാണ് മ്യൂസിക് സ്പീക്കർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിൽവെച്ച് ട്രെയിൻ വഴി ലഹരി കടത്താൻ ഇത്തരക്കാർ ശ്രമിക്കുന്നത്.
ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽനിന്ന് എത്തിയ ബംഗാൾ സ്വദേശിയുടെ പക്കൽനിന്ന് ഇത്തരത്തിൽ വൻ കഞ്ചാവ് ശേഖരമാണ് കണ്ടെത്തിയത്.
വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച ലഹരിക്കടത്ത്
അടുത്തിടെയാണ് വാട്ടർ ഹീറ്ററിനകത്ത് ലഹരി ഒളിപ്പിച്ച് കേരളത്തിൽ എത്തിക്കുന്ന സംഘം പോലീസിന്റെ പിടിയിലായത്. ഡൽഹിയിൽ നിന്നായിരുന്നു ഇവർ എം.ഡി.എം.എ. കേരളത്തിൽ എത്തിച്ചിരുന്നത്. വാട്ടർ ഹീറ്ററിനകത്ത് ലഹരി ഒളിപ്പിച്ച് കൊറിയർ ചെയ്യുകയായിരുന്നു പതിവ്. തുടർന്ന് പാക്കറ്റുകളിലാക്കി വിവിധ ആളുകൾക്ക് ഇവ വിതരണംചെയ്യും.
ആംബുലൻസിലെ ലഹരിക്കടത്ത്
രോഗികളെ ആശുപത്രിയിൽ എത്തിക്കാനെന്ന വ്യാജേന ലഹരികളുമായി കർണാടക-കേരള അതിർത്തി കടക്കുന്ന ആംബുലൻസുകളും വർധിച്ചിട്ടുണ്ട്. അടുത്തിടെയാണ് കർണാടകയിൽനിന്ന് കേരളത്തിലേക്ക് ആംബുലൻസ് വഴി കടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവാവ് പോലീസിന്റെ പിടിയിലായത്. തളിപ്പറമ്പ് സ്വദേശി കെ.പി. മുസ്തഫയാണ് പിടിയിലായത്.
രോഗികളുമായി ഇയാൾ കർണാടകയിലേക്ക് പോയി തിരികെ വരുംവഴി എം.ഡി.എം.എ.യും കൈയിൽ കരുതിയായിരുന്നു മടങ്ങിയത്. ഇവ നാട്ടിലെത്തിച്ചശേഷം ചെറു പൊതികളാക്കിയായിരുന്നു വിൽപന. ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കാതെ എവിടെയെങ്കിലും ഒളിപ്പിച്ചുവെച്ച് ഫോട്ടോ എടുത്ത് അയച്ചുകൊടുക്കുന്നതായിരുന്നു രീതി. ആംബുലൻസിൽ പരിശോധന ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇയാൾ നിരന്തരം ലഹരി കടത്തിയിരുന്നതെന്നാണ് എക്സൈസ് പറയുന്നത്.
ടൂറിസ്റ്റ് ബസുകളിലെ ലഹരി യാത്ര
കർണാടകയിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റ് ബസുകളിൽ വ്യാപകമായി ലഹരി കടത്തുന്നതും ഏറിവരുന്നുണ്ട്. പല കേസുകളിലായി അടുത്തിടെ നിരവധി പേരെയാണ് ഇത്തരത്തിൽ ബസുകളിൽ ലഹരി കടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ മലപ്പുറം സ്വദേശികളിൽനിന്ന് അരക്കിലോയോളം എം.ഡി.എം.എ. ആണ് വയനാടുവെച്ച് പോലീസ് പിടികൂടിയത്. കർണാടകയിൽനിന്ന് വരുന്ന ടൂറിസ്റ്റ് ബസിൽ വൻ ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന. തുടർന്ന് രണ്ടുപേരെ മാനന്തവാടി പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
ബെംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു പ്രതികൾ ലഹരി കടത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയായിരുന്നു ഇവരുടെ ലക്ഷ്യം. ബാഗുകളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു ലഹരിവസ്തുക്കൾ.
ലേയ്സ് പാക്കറ്റുകളിൽ ലഹരിക്കടത്ത്
മിഠായിപ്പൊതികളും ചിപ്സ് പാക്കറ്റുകളും പൗഡർ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലാക്കിയും ലഹരിക്കടത്ത് വ്യാപകമാകുന്നുണ്ട്. അടുത്തിടെ ബെംഗളൂരുവിൽനിന്ന് ലേയ്സ് പാക്കറ്റുകളിൽ ലഹരി കടത്തുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. മലയാളികളടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 21 കോടിയുടെ ലഹരിയാണ് പിടികൂടിയത്.
ലേയ്സ്, കിറ്റ്കാറ്റ് അടക്കമുള്ളവയുടെ പാക്കറ്റുകൾക്കുള്ളിലായിരുന്നു ലഹരി വസ്തുക്കൾ. ട്രോളിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചോക്ലേറ്റ്, ലേയ്സ് പാക്കറ്റുകൾ. തായ്ലാൻഡിൽനിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.
കപ്പിൾ ട്രിപ്പ്
കാറിലും മറ്റും അന്യസംസ്ഥാനങ്ങൾ സന്ദർശിച്ചശേഷം തിരികെ കേരളത്തിലേക്ക് വരുന്ന പങ്കാളികൾ, അല്ലെങ്കിൽ കുടുംബം എന്ന വ്യാജേനയും ഇത്തരത്തിൽ ലഹരി കടത്താനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. അടുത്തിടെയാണ് അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ദമ്പതിമാർ പിടിയിലായത്.
ക്ഷേത്രദർശനം നടത്തി മടങ്ങിവരുന്ന കുടുംബമെന്ന വ്യാജേനയാണ് ഇവർ അന്യസംസ്ഥാനത്തുനിന്ന് കഞ്ചാവ് കൊണ്ടുവന്നത്. സ്ത്രീയും കുഞ്ഞും വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ ആരും സംശയിക്കില്ലെന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ, പോലീസ് കൂടുതൽ പരിശോധിച്ചപ്പോഴാണ് കാറിൽനിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ഓൺലൈൻ ടാക്സി, ഡെലിവറി ആപ്പ് വഴിയും വിൽപ്പന
നഗരങ്ങൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾ, ഓൺലൈൻ ഫുഡ് ഡെലിവറി വാഹനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചും ലഹരിവിൽപ്പന തകൃതിയാണ്. അടുത്തിടെയാണ് തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ ഇത്തരത്തിൽ പിടിയിലായത്. ഓൺലൈൻ ടാക്സിയുടെ മറവിലായിരുന്നു ഇവർ ലഹരി വിറ്റിരുന്നത്. തിരുവനന്തപുരത്തെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള പതിവുകാർക്ക് വേണ്ടിയായിരുന്നു ഇവരുടെ ഇടപാട്.
ഇതുകൂടാതെ യൂബർ, ഒല, റാപ്പിഡോ, സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ സർവീസുകൾ നടത്തുന്നവരും ഇത്തരത്തിൽ കാരിയർമാരാകുന്നതും പതിവാണ്.
തുണിക്കച്ചവടത്തിന്റെ മറവിലെ ലഹരിക്കടത്ത്
വസ്ത്രക്കച്ചവടം മറയാക്കിയും ലഹരി കടത്തുന്ന സംഘം അടുത്തിടെയാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന വസ്ത്രത്തിനുള്ളിൽവെച്ചാണ് ലഹരി കടത്തുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇത്തരത്തിൽ വസ്ത്രങ്ങൾക്കൊപ്പം ലഹരി കടത്തിയിരുന്നത്.
ശർക്കര റോളിൽ ഒളിഞ്ഞിരിക്കുന്ന ലഹരി
അടുത്തിടെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്സ്പ്രസിൽനിന്ന് നാല് വലിയ സഞ്ചികൾ ആർ.പി.എഫ്. കണ്ടെത്തിയിരുന്നു. നാല് ചാക്കുകളിലും വലിയ ശർക്കരക്കട്ടകളായിരുന്നു ഉണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ശർക്കരക്കട്ടകൾ പൊട്ടിച്ച് നോക്കിയപ്പോഴാണ് അകത്ത് വലിയ പൊതി തെളിഞ്ഞുവന്നത്. 37 കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പൊതികളായിരുന്നു ഇതിനകത്ത് ഒളിപ്പിച്ചുവെച്ചിരുന്നത്.
ഡ്രോപ് ബോക്സ്
പരിശോധന ശക്തമാക്കിയ ഘട്ടത്തിൽ പിടികൊടുക്കാതിരിക്കാൻ ലഹരി വിൽപ്പന സംഘം സ്വീകരിച്ച മറ്റൊരു വഴിയായിരുന്നു ഡ്രോപ് ബോക്സ് രീതി. ഏറ്റവും സുരക്ഷിതമായ ലഹരിക്കടത്ത് രീതിയാണെന്നാണ് ഇവർ കരുതുന്നത്.
സാമൂഹിക മാധ്യമങ്ങളിൽകൂടി ഡീൽ ഉറപ്പിച്ച ശേഷം യു.പി.ഐ. ആയി പണം കൈമാറും. ആളൊഴിഞ്ഞ പ്രദേശങ്ങളിലോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തോ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കും. പിന്നീട് ജി.പി.എസ്. ലൊക്കേഷൻ അയച്ചുകൊടുക്കും. അത് പിന്തുടർന്ന ആവശ്യക്കാർ സ്ഥലത്തെത്തി സാധനം എടുക്കുന്നതാണ് രീതി.
Content Highlights: Drug cartels in Kerala are using extreme and innovative methods to bypass law enforcement., Common cover-ups include ambulances, online taxis, candy packets, and electronic appliances., Police and excise departments are stepping up checks as high-profile arrests, including award-winning farmers and couples, come to light.