കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിനിടെ ബസിടിച്ച് 5 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ കുട്ടിയുടെ പിതാവും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെട്ടിയ (ബിഹാർ): ബിഹാറിലെ ബെട്ടിയയിൽ റോഡരികിൽ നടന്ന ആഘോഷ പരിപാടിക്കിടെ അമിതവേഗതയിലെത്തിയ ബസിടിച്ച് അഞ്ച് പേർ മരിച്ചു.  ബിഹാർ സ്വദേശികളായ ദേവേന്ദ്ര ദുബെ, ബഹാദൂർ മഹാതോ, സഞ്ജയ് കുമാർ, ഭോല ദുബെ, ചംഗൂർ രാം എന്നിവരാണ് മരിച്ചത്. ഇതിൽ ദേവേന്ദ്ര ദുബെയ്ക്ക്  കഴിഞ്ഞ ദിവസം കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ ദുബെയും കുടുംബവും നാട്ടുകാർക്കും ബന്ധുക്കൾക്കുമായി സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നഗരത്തിന് സമീപമുള്ള പരൗ തോല ബങ്കത്വയിൽ വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ്, എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് റോഡരികിൽ നൃത്ത പരിപാടി കാണുകയായിരുന്ന ആൾക്കൂട്ടത്തിലേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്. 

അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ ബെട്ടിയയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: An overspeeding bus crashed into a crowd celebrating a newborn's birth in Bettiah, Bihar., Five people, including the newborn's father Devendra Dubey, died on the spot., The accident occurred when the bus driver swerved to avoid a collision with an oncoming truck., Several others sustained critical injuries and are receiving treatment at a government hospital in Bettiah.