വിവാഹിതയുമായി ബന്ധമെന്ന് ആരോപണം; യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഗൗണഗാവ് സ്വദേശിയായ വിഷ്ണു (27) ആണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ ബന്ധുക്കളാണ് പ്രതികള്‍. കര്‍ണാടകയിലെ ബീദര്‍ ജില്ലയില്‍ ഈമാസം 21-ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ സഹോദരന്‍ ഗജാനന്‍ (29), പിതാവ് അശോക് (60) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഗ്രാമത്തില്‍ ഒരാളെ കെട്ടിയിട്ട് മര്‍ദിക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പോലീസെത്തുമ്പോള്‍ വിഷ്ണു അബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ ഒട്ടേറെ പരിക്കുകളുമുണ്ടായിരുന്നു. ഇയാളെ ആദ്യം ചിന്തകി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ വിഷ്ണുവിന്റെ അമ്മ ലക്ഷ്മി ആണ് പോലീസില്‍ പരാതി നല്‍കിയത്. വിവാഹിതയായ സ്ത്രീയുമായി വിഷ്ണുവിന് ഒരുവര്‍ഷമായി ബന്ധമുണ്ടായിരുന്നെന്ന് ലക്ഷ്മി നല്‍കിയ പരാതിയിലുണ്ട്. യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം താമസിക്കാന്‍ പോയിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അവരുടെ കുടുംബത്തിനും അറിവുണ്ടായിരുന്നു. എന്നാല്‍ മൂന്നുമാസംമുന്‍പ് യുവതി സ്വന്തം വീട്ടിലേക്ക് തിരികെപ്പോയി. യുവതിയെ കാണാനായി രണ്ട് പരിചയക്കാര്‍ക്കൊപ്പം വിഷ്ണു അവരുടെ നാട്ടിലേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്. വിഷ്ണുവിനെ യുവതിയുടെ അച്ഛനും സഹോദരനും തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് വലിച്ചിഴച്ച് കെട്ടിയിട്ടശേഷം വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Content Highlights: Maharashtra Man Beaten to Death in Karnataka