നിർബന്ധിച്ച് ഗർഭഛിദ്രം; 5 മാസം മുൻപ് വിവാഹിതയായ യുവതി മരിച്ചനിലയിൽ;റിട്ട. ജഡ്ജിയായ ഭർതൃമാതാവും പ്രതി

#ന്യൂസ് ഡെസ്ക്
ട്വിഷ ശര്‍മയും ഭര്‍ത്താവും | Photo Courtesy: x.com/Delhiite_
ട്വിഷ ശര്‍മയും ഭര്‍ത്താവും | Photo Courtesy: x.com/Delhiite_

ഭോപാൽ: അഞ്ചുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. നോയിഡ സ്വദേശിയായ ട്വിഷ ശർമ(33)യെയാണ് മധ്യപ്രദേശിലെ ഭോപാലിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ സ്ത്രീധന-ഗാർഹിക പീഡനമാണ് ട്വിഷയുടെ മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ട്വിഷയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. അഞ്ചുമാസം മുൻപാണ് ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങും ട്വിഷയും വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ട്വിഷയ്ക്ക് ഭർതൃവീട്ടിൽനിന്ന് പീഡനം നേരിടേണ്ടിവെന്നാണ് കുടുംബം പറയുന്നത്. വിവാഹം കഴിഞ്ഞയുടൻ ട്വിഷയ്ക്ക് പിതാവ് നൽകിയ ഓഹരികളടക്കമുള്ള 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് നൽകാൻ ഭർത്താവും ഭർതൃമാതാവും നിർബന്ധിച്ചിരുന്നു. റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാതാപിതാക്കൾ ആരോപിച്ചു.

അടുത്തിടെ ട്വിഷ ഗർഭിണിയായെങ്കിലും ഭർത്താവും ഭർതൃവീട്ടുകാരും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും കുടുംബം ആരോപിക്കുന്നുണ്ട്. ട്വിഷയ്ക്ക് കുഞ്ഞിന് ജന്മം നൽകാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുകേൾക്കാതെ ഭർതൃവീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. ഇത് മകളെ മാനസികമായി ഏറെ തളർത്തിയെന്നും കുടുംബം പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് തന്റെ ദുരനുഭവങ്ങൾ പറഞ്ഞിരുന്നു. ഫോൺസംഭാഷണത്തിനിടെ ഭർത്താവ് മുറിയിലേക്ക് വന്നതോടെ ട്വിഷ ഫോൺ കട്ട്‌ചെയ്തു. തുടർന്ന് പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവരും ഫോണെടുത്തില്ല. പത്തുമിനിറ്റിന് ശേഷം ഭർതൃമാതാവ് ഫോണെടുത്തു. മകളുടെ മുറിയിൽ പോയി പരിശോധിക്കണമെന്ന് ഇവരോട് പറഞ്ഞെങ്കിലും ഇവർ ഫോൺകട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അഞ്ചുമിനിറ്റിനുശേഷം ഭർതൃവീട്ടിൽനിന്ന് ട്വിഷയുടെ കുടുംബത്തിന് ഫോൺവിളിയെത്തി. ട്വിഷയെ തൂങ്ങിയനിലയിൽ കണ്ടെത്തിയെന്നായിരുന്നു ഇവർ പറഞ്ഞത്. ഉടൻതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, ട്വിഷയെ തൂങ്ങിയനിലയിൽ കണ്ടെത്തിയിട്ടും ഭർതൃവീട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും പരാതിയുണ്ട്.

യുവതിയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശരീരത്തിലെ മറ്റിടങ്ങളിലും ചില മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ചു. യുവതിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതായും ഡിഎൻഎ സാമ്പിളുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവും അഭിഭാഷകനുമായ സമർഥ് സിങ്, ഭർതൃമാതാവും റിട്ട. ജഡ്ജിയുമായ ഗിരിബാല സിങ് എന്നിവർക്കെതിരേ കേസെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Content Highlights: 33-year-old Noida native found dead in Bhopal five months after marriage., Family alleges mental harassment and demands for Rs 20 lakh investment., Allegations of forced abortion against the husband and mother-in-law., Police registered a case for abetment to suicide and dowry harassment., Post-mortem confirms hanging and recent abortion evidence.