സെപ്റ്റിക് ടാങ്കിൽ ഇരുമ്പുപെട്ടി; ഉള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം; കൊന്നുതള്ളിയത് കാമുകനും കുടുംബവും

ഭോപ്പാൽ: മധ്യപ്രദേശിൽ യുവതിയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ഭോപ്പാലിലെ നിഷാത്പുരയിലാണ് അതിദാരുണമായ കൊലപാതകം. മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിനിയായ അഷ്‌റഫി എന്ന സിയ(33)യാണ് കൊല്ലപ്പെട്ടത്. സിയയുടെ കാമുകനായ സമീറും കുടുംബവുമായി കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് സമീറിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ സിയയുടെ മൃതദേഹം കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിൽനിന്ന് ദുർഗന്ധം വമിച്ചതോടെ ഇവിടെ കളിക്കാനെത്തിയ കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഒരു വലിയ ഇരുമ്പ് പെട്ടിയാണ് ടാങ്കിൽ കണ്ടത്. ഇത് പുറത്തെടുത്ത് പരിശോധിച്ചതോടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. ഇതിനിടെ, യുവതിയുടെ കൈയിലുണ്ടായിരുന്ന ടാറ്റൂ നിർണായക തെളിവായി. '26 മേയ് 1992' എന്ന ജനനത്തീയതിയാണ് സിയയുടെ കൈയിൽ ടാറ്റൂചെയ്തിരുന്നത്. ഇത് കേന്ദ്രീകരിച്ചും മറ്റുവിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് സമീറിന്റെ വീട്ടിൽ താമസിച്ചിരുന്ന സിയയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഒരുവർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് സിയയും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സമീറും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പ്രണയം വളർന്നതോടെ മൂന്നുമാസം മുൻപ് സിയ വീടുവിട്ടിറങ്ങി. തുടർന്ന് ഭോപ്പാലിലെത്തി സമീറിനൊപ്പം താമസം ആരംഭിച്ചു.
ഭോപ്പാലിലെത്തിയശേഷമാണ് സമീറിന് ഭാര്യയും രണ്ടുകുട്ടികളുമുണ്ടെന്ന കാര്യം സിയ അറിഞ്ഞത്. എന്നാൽ, ഇക്കാര്യമറിഞ്ഞിട്ടും സിയ സമീറിനൊപ്പം വീട്ടിൽ താമസം തുടങ്ങി. ഇതോടെ സിയയും സമീറിന്റെ ഭാര്യയും തമ്മിൽ വഴക്കും പതിവായി. വഴക്കും തർക്കവും പതിവായതോടെ സമീറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി.
അതിനിടെ, സിയ വിവാഹം കഴിക്കാനായി സമീറിനെ നിർബന്ധിച്ചു. വിവാഹത്തിന് സമ്മതമല്ലെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയും ഇരുവരും തമ്മിൽ ഇതേകാര്യത്തെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നാണ് സമീർ സിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിനുശേഷം തെളിവുനശിപ്പിക്കാനായി സമീർ സഹോദരന്റെയും മാതാവിന്റെയും സഹായം തേടിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവരുടെ സഹായത്തോടെയാണ് മൃതദേഹം ഇരുമ്പുപെട്ടിയിലാക്കി അടച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ മുഖ്യപ്രതിയായ സമീർ ഒളിവിലാണെന്നാണ് പോലീസ് പറയുന്ന്. ഇയാളുടെ സഹോദരനെയും മാതാവിനെയും സഹോദരിയെയും പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. സമീറിന്റെ ഭാര്യയ്ക്കും കൃത്യത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട സിയയുടെ പശ്ചാത്തലത്തെക്കുറിച്ചും പോലീസ് ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട യുവതി നേരത്തേ മൂന്നുതവണ വിവാഹംചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ് യുവതി നേരത്തേ വിവാഹം കഴിച്ചിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Tragic murder in Bhopal: A 33-year-old woman`s body discovered in a septic tank. Police suspect her boyfriend and his family are involved. Investigation ongoing.