വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍; ഉള്ളില്‍ 52 കിലോ സ്വര്‍ണവും 10 കോടിരൂപയും, അന്വേഷണം

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ, കാറിൽ നിന്ന് ലഭിച്ച സ്വർണവുമായി ഉദ്യോ​ഗസ്ഥർ | ഫോട്ടോ: ANI
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ, കാറിൽ നിന്ന് ലഭിച്ച സ്വർണവുമായി ഉദ്യോ​ഗസ്ഥർ | ഫോട്ടോ: ANI

ഭോപ്പാൽ: മധ്യപ്രദേശിലെ മെൻഡോരിയിലെ രത്തിബാദിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് പിടിച്ചെടുത്തത് 52 കിലോ സ്വർണവും 10 കോടി രൂപയും. ഭോപ്പാൽ പോലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരിച്ചിലിനിടയിലാണ് ഇവ കണ്ടെത്തിയത്. 

സ്വർണത്തിന് ഏതാണ്ട് 42 കോടി രൂപ മൂല്യം വരും. ഇത് ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ആദായനികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട കാർ കിടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെൻഡോരിയിലെത്തിയതെന്ന് ഭോപ്പാൽ സോൺ-1 ഡി.സി.പി പ്രിയങ്ക ശുക്ല പ്രതികരിച്ചു. 

കാർ പരിശോധിച്ചപ്പോൾ അകത്ത് ഏഴ് ബാ​ഗുകൾ ശ്രദ്ധയിൽപ്പെട്ടു. കാർ തുറന്ന് ഈ ബാ​ഗുകൾ പരിശോധിച്ചപ്പോഴാണ് സ്വർണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലിൽ താമസിക്കുന്ന ​ഗ്വാളിയർ സ്വദേശി ചേതൻ സിം​ഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഡി.സി.പി പറഞ്ഞു.

Content Highlights: Bhopal police and Income Tax dept seized 52kg gold and 10 crore cash from an abandoned car