ആധാർനമ്പർ തുമ്പായി, OTP പിൻതുടർന്ന് 8 മാസത്തിനുശേഷം 18-കാരിയെ കണ്ടെത്തി; മറ്റൊരു കുട്ടിക്കായി തിരച്ചിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | എ.ഐ. സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മക ചിത്രം | എ.ഐ. സഹായത്തോടെ നിർമിച്ചത്

ബെംഗളൂരു: കർണാടകത്തിൽ എട്ടുമാസംമുൻപ് കാണാതായ 18-കാരിയെ കണ്ടെത്താൻ പോലീസിന് സഹായകമായത് ആധാർ ഒ.ടി.പി. വിദ്യാരണ്യപുരയിൽനിന്ന് കഴിഞ്ഞ ജനുവരിയിൽ കാണാതായ പതിനെട്ടുകാരിയെയാണ് ആധാർ അധിഷ്ഠിത ഒ.ടി.പി. വഴി പോലീസ് കണ്ടെത്തിയത്.

രണ്ടാം വർഷ പി.യു.സി. വിദ്യാർഥിനിയായിരുന്നു പൺകുട്ടി. പോലീസ് കണ്ടെത്തുമ്പോൾ കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ വിവാഹിതയായി ഭർത്താവിനൊപ്പം കഴിയുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ജനുവരി 31-ന് കോളേജിൽ പോകുകയാണെന്നു പറഞ്ഞാണ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത കൂട്ടുകാരിക്കൊപ്പം വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് ഇരുവരെയും കാണാതാകുകയായിരുന്നു. മൊബൈൽ ഫോണുകളോ മറ്റുവസ്തുക്കളോ എടുക്കാതെയാണ് ഇവർ പോയത്. ആധാർ കാർഡുകളും ബാഗും കൂടെ കരുതിയിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്ന നിഗമനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം ഏപ്രിലിലാണ് കേസ് സി.ഐ.ഡി. ഏറ്റെടുത്തത്. ഇതിനിടെയാണ് പോലീസിന് നിർണായകമായ വിവരം ലഭിച്ചത്. ഒരു ഫോണിൽനിന്ന് പെൺകുട്ടിയുടെ ആധാർ നമ്പർ ലിങ്ക് ചെയ്ത് ഒരു ഒടിപി അയയ്ക്കപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഈ ഫോൺ നമ്പറിന്റെ ഉടമയിലേക്കും തുടർന്ന് പെൺകുട്ടിയിലേക്കും അന്വേഷണസംഘത്തെ എത്തിച്ചത്.

അടുത്തിടെ ഒരു സർക്കാർ പദ്ധതിയിൽ രജിസ്റ്റർചെയ്യുന്നതിനായി പെൺകുട്ടി ആധാർ വിവരങ്ങൾ നൽകുകയും ഭർത്താവിന്റെ മൊബൈൽ നമ്പറിൽ ഒ.ടി.പി. വരികയും ചെയ്തിരുന്നു. ഇതാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. തുടർന്ന് ഫോൺ നമ്പറിന്റെ ഉടമയായ യുവാവിനെ കണ്ടെത്തിയപ്പോഴാണ് ഇത് പെൺകുട്ടിയുടെ ഭർത്താവാണെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പെൺകുട്ടി തനിക്കൊപ്പമുണ്ടെന്ന് ഇയാൾ മൊഴിനൽകി. തുടർന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയച്ചു. കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഈ കുട്ടിയെ കണ്ടെത്തുന്നതുവരെ അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടില്ലെന്ന് പൊലീസ് അറിയിച്ചു.