മോചനദ്രവ്യത്തിനായി 13-കാരനെ തട്ടിക്കൊണ്ടുപോയി, കൊലപാതകത്തിൽ കലാശിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: അയൽക്കാരനായ 13-കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു യെലഹങ്കയിൽ താമസിക്കുന്ന ഭാസ്‌കർ റെഡ്ഡിയാണ് (28) പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളിൽനിന്ന് മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെങ്കിലും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
രക്ഷപ്പെടാൻ കുട്ടി ശ്രമിച്ചതിനെത്തുടർന്ന് തലയ്ക്ക് അടിച്ചതോടെയാണ് മരണം സംഭവിച്ചത്. മൃതദേഹവുമായി കാറിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
യു.കെ.യിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഭാസ്‌കർ റെഡ്ഡി മാസങ്ങൾക്കു മുൻപാണ് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. വൈറ്റ്ഫീൽഡിലുള്ള സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. കുടുംബത്തിന്റെ കടബാധ്യത തീർക്കുന്നതിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാൻ തീരുമാനിച്ചത്.
പടക്കം വാങ്ങാമെന്നു പറഞ്ഞ് കഴിഞ്ഞദിവസം രാത്രിയിൽ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഒപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. ബെംഗളൂരുവിലുള്ള കെട്ടിടനിർമാണ സ്ഥലത്ത് കുട്ടിെയ എത്തിച്ചു. കൈയും കാലും കെട്ടുകയുംചെയ്തു.
കുട്ടിയുടെ വീഡിയോ ചിത്രീകരിച്ച് പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. എന്നാൽ, ഇതിനിടെ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടിയും ഇഷ്ടികയും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടി മരിച്ചതോടെ ഡിക്കിയിൽ മൃതദേഹം വെച്ചശേഷം കാറുമായി അവിടെനിന്ന് വിട്ടു.
മദ്യലഹരിയിലായിരുന്ന ഭാസ്‌കർ റെഡ്ഡി ഓടിച്ച കാർ മറ്റു വാഹനങ്ങളിൽ തട്ടിയതിനെത്തുടർന്ന് ആളുകൾ തടഞ്ഞുനിർത്തി. സംശയംതോന്നി കാർ പരിശോധിച്ചപ്പോൾ ഡിക്കിയിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടു. കാർ ഇടിച്ചു പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇയാൾ പറഞ്ഞത്.
ആളുകൾ അറിയിച്ചതിനെത്തുടർന്ന് എത്തിയ പോലീസ് ഭാസ്‌കർ റെഡ്ഡിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ വീട്ടുകാർ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. റെഡ്ഡിക്ക് ഒപ്പമുണ്ടായിരുന്ന ആളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു.
Content Highlights: A 28-year-old man named Bhaskar Reddy was arrested in Bengaluru for kidnapping and murdering a 13-year-old neighbor to demand ransom from the child's parents. The child died after being hit on the head while attempting to escape, and the incident came to light following a car accident involving Reddy, who was intoxicated.