വിവാഹമോചനം മറച്ചുവെച്ച് പ്രണയം; പിന്മാറിയ യുവതിയെ കാമുകന്റെ സഹോദരൻ കുത്തിക്കൊന്നു; ക്രൂരത നടുറോഡിൽ

#ന്യൂസ് ഡെസ്ക്
സൂര്യ, കൊല്ലപ്പെട്ട അമൃത
സൂര്യ, കൊല്ലപ്പെട്ട അമൃത

ബെംഗളൂരു: പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ നിയമവിദ്യാർഥിനിയെ സുഹൃത്തിന്റെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. 22-കാരിയായ അമൃതയാണ് കൊല്ലപ്പെട്ടത്. പ്രതി സൂര്യയെ ബെംഗളൂരുവിലെ എച്ച്.എ.എൽ. ഓൾഡ് എയർപോർട്ട് റോഡിലെ കോടിഹള്ളിയിൽനിന്ന് പിടികൂടി.

കഴിഞ്ഞ ജൂലായ് 13-ന് റോഡിൽ നിരവധിപേർ നോക്കിനിൽക്കേ സൂര്യ അമൃതയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ വ്യാഴാഴ്ച മരിച്ചു. സംഭവത്തിൽ ജീവൻ ഭീമാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അമൃതയും പ്രതി സൂര്യയുടെ സഹോദരൻ ധനുഷും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, ധനുഷ് മുൻപ് ഒരു വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇത് മറച്ചുവെച്ചാണ് അമൃതയുമായി പ്രണയബന്ധത്തിലേർപ്പെട്ടത്. ഇതറിഞ്ഞ അമൃത ധനുഷുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ധനുഷിന്റെകൂടി അറിവോടെയാണ് ഈ കൊലപാതകമെന്ന് സൂചനയുണ്ട്. സംഭവത്തിൽ ജീവൻ ഭീമാനഗർ പോലീസ് കേസെടുത്തു.