ജയിലിൽ ഫോൺ വിറ്റ് സൈക്യാട്രിസ്റ്റ്; തടിയന്റവിട നസീർ ഉൾപ്പെടെ വാങ്ങി, ചതിച്ചത് നഴ്സുമായുള്ള അടുപ്പം

ഡോ. നാഗരാജ്, അനീസ് ഫാത്തിമ, തടിയന്റവിട നസീർ
ഡോ. നാഗരാജ്, അനീസ് ഫാത്തിമ, തടിയന്റവിട നസീർ

ബെംഗളൂരു: തീവ്രവാദക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഫോണ്‍ എത്തിച്ചുനല്‍കി ജയില്‍ സൈക്യാട്രിസ്റ്റ്. സംഭവത്തില്‍ ഡോ. നാഗരാജിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റുചെയ്തു. ഇത്തരത്തില്‍ ഫോണ്‍ തടവുപുള്ളികള്‍ക്ക് വില്‍പന നടത്തുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്ത് ഒരു കോടിയോളം രൂപ നാഗരാജ് സമ്പാദിച്ചതായാണ് വിവരം. ജയിലിനുള്ളില്‍നിന്ന് ഫോണിലൂടെ കൊള്ള, കൊലപാതകം, ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയ്ക്ക് തടവുപുള്ളികള്‍ നേതൃത്വം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 

ജയിലിലെ സൈക്യാട്രിസ്റ്റായ ഡോ. നാഗരാജ് രഹസ്യമായി മൊബൈല്‍ ഫോണുകള്‍ തടവുകാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു. തീവ്രവാദക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫോണ്‍ നല്‍കിയിട്ടുണ്ട്. എഎസ്‌ഐ ചാന്‍ പാഷ, തീവ്രവാദക്കേസില്‍ ഒളിവില്‍ പോയ ഒരു പ്രതിയുടെ മാതാവ് അനീസ് ഫാത്തിമ എന്നിവരെയും എന്‍ഐഎ അറസ്റ്റുചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, രേഖകള്‍ എന്നിവ പിടിച്ചെടുത്തു. കര്‍ണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്. മൂവരെയും ആറുദിവത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. 

നാഗരാജ് ജയിലിനുള്ളില്‍ ഫോണ്‍ വിറ്റും വാടകയ്ക്ക് നല്‍കിയും ഒരു കോടി രൂപയോളം സമ്പാദിച്ചെന്ന് എന്‍ഐഎ പറയുന്നു. പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മുപ്പതിനായിരത്തിലധികം രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഫോണ്‍ വാങ്ങാന്‍ പണമില്ലാത്ത തടവുകാര്‍ക്ക് ഫോണും സിമ്മും 500 രൂപ വീതം വാങ്ങി വാടകയ്ക്ക് നല്‍കുകയും ചെയ്തു. നൂറിലധികം ഫോണുകള്‍ ജയിലിനകത്തേക്ക് കടത്തിയതായാണ് വിവരം. 

നാഗരാജിനെ കുടുക്കിയത് നഴ്‌സുമായുള്ള അടുപ്പം

പവിത്ര എന്നും പല്ലവി എന്നും അറിയപ്പെടുന്ന ഒരു നഴ്‌സുമായുള്ള അടുപ്പമാണ് ഡോ. നാഗരാജിനെ കുടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന നഴ്‌സിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എന്‍ഐഎ 70 ലക്ഷം രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി. ചോദ്യം ചെയ്തതോടെ നാഗരാജാണ് ഇതിനു പിന്നിലെന്ന് എന്‍ഐഎ മനസ്സിലാക്കി. ചിന്താമണിയില്‍ സര്‍ക്കാര്‍ ജോലിക്കാരിയായ നാഗരാജിന്റെ ഭാര്യയ്ക്ക് ഈ കാര്യങ്ങളൊന്നും അറിയുമായിരുന്നില്ല. എല്ലാ ഞായറാഴ്ചയിലുമായിരുന്നു നാഗരാജ് ഭാര്യയെ സന്ദര്‍ശിക്കാറ്. 

ഡോക്ടര്‍ എന്ന പരിഗണനയില്‍ നാഗരാജിന് ജയിലില്‍ കൃത്യമായ പരിശോധന നേരിടേണ്ടിവരാറില്ല. ജയിലില്‍ മൊബൈല്‍ സിഗ്നല്‍ ജാമേഴ്‌സ് സംവിധാനമടക്കം ഉണ്ടായിട്ടും ഫോണ്‍ കടത്താനായതിനു പിന്നില്‍ ഇതായിരുന്നു കാരണം. കേസുമായി ബന്ധപ്പെട്ട് കോലാറിലെ പ്രൈവറ്റ് ടെലികോം സ്ഥാപനത്തിലെ ജീവനക്കാരന്‍ സതീഷ് ഗൗഡയെയും പോലീസ് തിരയുന്നുണ്ട്. സിം കാര്‍ഡുകള്‍ നല്‍കിയിരുന്നത് ഇയാളാണെന്നാണ് വിവരം. നാഗരാജിന് 2023-ലെ തീവ്രവാദ കേസിലും പങ്കുള്ളതായി ജയില്‍ ഡിജിപി മാലിനി കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. 

നാഗരാജ് കടത്തിക്കൊണ്ടുവന്ന ഫോണ്‍, നസീര്‍ ലഷ്‌കറെ ത്വയ്ബ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ പി. പ്രസന്നകുമാര്‍ കോടതിയെ അറിയിച്ചു. പണമടക്കം നല്‍കി ജയിലില്‍ തീവ്രവാദികളെ സഹായിച്ചതിനാണ് എഎസ്‌ഐ പാഷ അറസ്റ്റിലായത്. പണം കൈമാറിയതില്‍ അനീസ് ഫാത്തിമയും പങ്കാളിയായിരുന്നു. 

ബെംഗളൂരു ജയിലിലേക്ക് കൗണ്‍സലര്‍ മൊബൈല്‍ ഫോണ്‍ കടത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞമാസം ഇത്തരത്തില്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച ഒരു വനിതാ കൗണ്‍സലറെ പിടികൂടിയിരുന്നു. സ്വകാര്യഭാഗത്ത് സൂക്ഷിച്ച് കടത്താന്‍ ശ്രമിച്ച ഫോണ്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (കെഎസ്‌ഐഎസ്എഫ്) നടത്തിയ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. 

Content Highlights: Bengaluru jail psychiatrist was arrested for smuggling phones to inmates