ഡിജിറ്റൽ അറസ്റ്റ്: 24 കോടിരൂപ റിട്ട.അധ്യാപിക കൈമാറി,1.3 കിലോ സ്വർണവുമായി ബാങ്കിലെത്തി,സംശയം,അറസ്റ്റ്

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികയായ റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി രൂപ. സംഭവത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആറുപേരെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു.
ശിവാജി നഗറിലെ അപ്പാർട്ട്മെന്റിൽ തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയായ ലക്ഷ്മി രാമമൂർത്തിയാണ് (74) തട്ടിപ്പിനിരയായത്. കേസിൽ തമിഴ്‌നാട് ഈറോഡിലെ എൻ. ശിവജ്ഞാനം, മുംബൈയിലെ അക്കാച്ച് മല്ലിക്, അഹമ്മദാബാദിലെ പാലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ന്യൂഡൽഹിയിലെ ഓം പ്രകാശ് രജ്പുത്, ബിഹാറിലെ ഗൗരവ് കുമാർ എന്നിവരാണ് പിടിയിലായത്.
ലക്ഷ്മി രാമമൂർത്തിക്ക് അക്കൗണ്ടുള്ള സ്വകാര്യബാങ്കിലെ മാനേജരുടെ സമയോചിത ഇടപെടലിലൂടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ഇവരുടെ മക്കളെല്ലാം വിദേശത്താണ് താമസിക്കുന്നത്. ഇവർ ബെംഗളൂരുവിലും ദുബായിലും അധ്യാപികയായി ജോലിചെയ്തിരുന്നു. സി.ബി.ഐ., ഇ.ഡി. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചമഞ്ഞാണ് പ്രതികൾ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി പണം കവർന്നത്. നിയമവിരുദ്ധ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ആദ്യം. നിയമനടപടി ഭയന്ന് ലക്ഷ്മി ഫെബ്രുവരി 10-നും മാർച്ച് 24-നും ഇടയിൽ ഘട്ടംഘട്ടമായി തട്ടിപ്പുകാർക്ക് 24 കോടി രൂപ ഓൺലൈനിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. എന്നിട്ടും പ്രതികൾ ഭയപ്പെടുത്തി ഇവരിൽനിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടു.
കൂടുതൽ പണം കണ്ടെത്താനായി വീട്ടിൽ സൂക്ഷിച്ചിരുന്ന മകളുടെ 1.3 കിലോ സ്വർണാഭരണങ്ങൾ പണയംവെക്കാൻ ബാങ്കിലെത്തി. ഇവരുടെ പെരുമാറ്റവും വൻതുകയുടെ ഓൺലൈൻ ഇടപാടും ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർക്ക് സംശയംതോന്നി വിവരം പോലീസിൽ അറിയിച്ചു. പോലീസ് ബാങ്കിലെത്തി ലക്ഷ്മിയെ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്.
തുടർന്ന് ബെംഗളൂരു സൈബർ പോലീസ് ഇവർ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്ക് കൈമാറിയ നാലുകോടിയിലധികം രൂപ മരവിപ്പിക്കാനും 1.46 കോടി രൂപ കണ്ടെടുക്കാനും പോലീസിന് സാധിച്ചു.
Content Highlights: Karnataka's Biggest 'Digital Arrest' Fraud: Retired Teacher Loses Rs 24 Crore To Fake CBI Officers