ആരുടെയോ പറമ്പ് കാട്ടി കാടുവെട്ടാൻ പറഞ്ഞു, പണിക്കിടെ ബംഗാളികളുടെ പണവുമായി മുങ്ങി; രണ്ടുപേർ പിടിയിൽ

#സ്വന്തം ലേഖിക
ഷാജിമോന്‍, അന്‍വര്‍
ഷാജിമോന്‍, അന്‍വര്‍

കോഴിക്കോട്: ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാള്‍ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാജിമോന്‍, ആലപ്പുഴ സ്വദേശി അന്‍വര്‍ എന്നിവരെയാണ് കോഴിക്കോട് നല്ലളം പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച രാവിലെ ബംഗാള്‍ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന് പറഞ്ഞാണ് പ്രതികള്‍ നല്ലളം ജങ്ഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനല്‍കി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ ഇരുവരും ഇവരുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന് മുങ്ങുകയായിരുന്നു. 

ബംഗാള്‍ സ്വദേശികളുടെ 11,500 രൂപയും മൊബൈല്‍ഫോണുകളും വസ്ത്രങ്ങളുമാണ് പ്രതികള്‍ തട്ടിയെടുത്തത്. ഉച്ചയോടെ ബംഗാള്‍ സ്വദേശികള്‍ പണികഴിഞ്ഞെത്തിയപ്പോഴാണ് സൂക്ഷിച്ചുവെച്ചിരുന്ന പണവും മൊബൈല്‍ഫോണും കാണാനില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സൈബര്‍സെല്ലിന്റെ സഹകരണത്തോടെയുമാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ കാറിലാണ് വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന അന്വേഷണസംഘം രണ്ടുപേരെയും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് പന്തീരാങ്കാവ്, മലപ്പുറം കാടാമ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും കഴിഞ്ഞദിവസങ്ങളില്‍ സമാനരീതിയില്‍ മറുനാടന്‍ തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനുപിന്നിലും ഷാജിമോനും അന്‍വറും ആണോയെന്നത് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: Two men arrested in Kozhikode for scamming Bengali workers out of ₹11,500 and mobile phones