വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചു,അസിസ്റ്റന്റ് ബാങ്ക് മാനേജരായ ഭാര്യയെ യുവാവ് വെടിവെച്ചുകൊന്നു

ബെംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിൽ പ്രകോപിതനായ ഭർത്താവ് അസിസ്റ്റന്റ് ബാങ്ക് മാനേജരായ ഭാര്യയെ വെടിവെച്ചു കൊന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗർ ശാഖയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന ഭുവനേശ്വരിയാണ്(39) കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഇവരുടെ ഭർത്താവ് ബാലമുരുകൻ (40) വെടിയുതിർത്ത പിസ്റ്റളുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരുവിലെ മഗഡി റോഡ് പോലീസ് പരിധിയിലെ ഇൻഡസ്ട്രിയൽ ടൗൺ റോഡിൽ ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു കൊലപാതകം.
രാജാജി നഗറിൽ രണ്ട് കുട്ടികളോടൊപ്പം താമസിക്കുകയായിരുന്നു ഭുവനേശ്വരി. വൈറ്റ്ഫീൽഡിലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായിരുന്നു ബാലമുരുകൻ. എന്നാൽ, ആറുമാസം മുൻപ് ജോലി നഷ്ടപ്പെട്ടശേഷം കെപി അഗ്രഹാരയിൽ ഒറ്റയ്ക്കായിരുന്നു താമസം.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ദമ്പതികൾ 2011-ലാണ് വിവാഹിതരായത്. 2018-ൽ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലേക്ക് താമസം മാറി. കഴിഞ്ഞ ഒന്നരവർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
ജോലി കഴിഞ്ഞ് ഭുവനേശ്വരി ഓഫീസിൽനിന്ന് വീട്ടിലേക്ക് നടക്കുകയായിരുന്നു. ബാങ്കിനു പുറത്ത് കാത്തിരുന്ന ബാലമുരുകൻ അവരെ പിന്തുടർന്ന് പിന്നിൽനിന്ന് വെടിവെക്കുകയായിരുന്നു. ഒരാഴ്ച മുൻപ് ഭുവനേശ്വരി ബാലമുരുകനിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
Content Highlights: Husband shoots Assistant Bank Manager dead in Bengaluru after receiving divorce notice. Husband surrenders to police.