ബാങ്ക് നിയമനത്തട്ടിപ്പ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വയനാട്ടിലേക്കെത്തുന്നു

സുൽത്താൻബത്തേരി: എം.എൽ.എ. അടക്കമുള്ള നേതാക്കളുടെ അറസ്റ്റും ജാമ്യവുമൊക്കെയായി വിവാദമായ സഹകരണബാങ്ക് നിയമനത്തട്ടിപ്പ് വിഷയത്തിൽ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) വയനാട്ടിലേക്കെത്തുന്നു. കുരുക്കൊഴിഞ്ഞെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആശ്വാസംകൊള്ളാൻ തുടങ്ങുമ്പോഴേക്കുമാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയെത്തുന്നത്. രാഹുൽഗാന്ധിയും പിന്നീട് പ്രിയങ്കാഗാന്ധിയും പ്രതിനിധികളായി ഗാന്ധികുടുംബത്തിന്റെ സ്വന്തംമണ്ഡലമായി മാറിയ വയനാട്ടിലേക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണം എത്തുന്നതിൽ രാഷ്ട്രീയമാനങ്ങളുമുണ്ടെന്നാണ് കരുതുന്നത്.
ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയോടെയാണ് കോൺഗ്രസ് ഭരിച്ചിരുന്ന സഹകരണബാങ്കുകളിലെ നിയമനത്തട്ടിപ്പും കോഴവിവാദങ്ങളും വീണ്ടും ഉയർന്നത്. ആത്മഹത്യയിലേക്ക് നയിച്ചതിൽ പാർട്ടിക്കുവേണ്ടി ചെലവഴിച്ച തുക ബാങ്ക് നിയമനങ്ങളിലൂടെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെവന്നതാണെന്ന് നേതാക്കൾക്ക് എൻ.എം. വിജയൻ എഴുതിയ കത്തുകളിൽ സൂചിപ്പിച്ചിരുന്നു. കത്തുകളും ആത്മഹത്യാക്കുറിപ്പും പുറത്തുവന്നതോടെ കോൺഗ്രസിന്റെ ജില്ലാ നേതൃത്വത്തിനൊപ്പം കെ.പി.സി.സി. നേതൃത്വവും പ്രതിക്കൂട്ടിലായി. സി.പി.എമ്മും ബി.ജെ.പി.യും കോൺഗ്രസിനെതിരേയുള്ള ആയുധമാക്കി സംഭവത്തെ മാറ്റി.
സി.പി.എം. പ്രക്ഷോഭങ്ങൾ ശക്തമാക്കിയതോടെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിടുകയും ചെയ്തിരുന്നു. ഇവരൊക്കെത്തന്നെ വീണ്ടും ഇ.ഡി.യുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവന്നേക്കും. അങ്ങനെയുണ്ടായാൽ പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തിൽ മിക്കവാറും കോൺഗ്രസ് നേതാക്കളെ മുൾമുനയിൽ നിർത്താനാവുന്ന കേസാകും.
പൊതുപരിപാടികളിൽ പങ്കെടുത്തുതുടങ്ങിയ എം.എൽ.എ.യ്ക്കെതിരേ ചൊവ്വാഴ്ച കരിങ്കൊടിപ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.യും സി.പി.എമ്മും രംഗത്തെത്തുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഇതോടെ കേസിന് രാഷ്ട്രീയപ്രാധാന്യമേറിയതിനൊപ്പം ഇ.ഡി. കൂടിയെത്തുന്നത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് സാധ്യത.
സംസ്ഥാന സർക്കാരിന്റെ പ്രത്യേകസംഘം പ്രതികളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടെങ്കിലും അന്വേഷണം തുടരുകയാണ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിജിലൻസ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടയിൽ ബത്തേരിയിലെ മൂന്നെണ്ണമടക്കം ജില്ലയിലെ അഞ്ച് സഹകരണബാങ്കുകളിലെ നിയമനത്തട്ടിപ്പുകളിൽ സഹകരണവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Content Highlights: bank appointment fraud case ed investigation