ഒന്നൊന്നായി നാലുപേരെ കൊന്നു, അവിടെവെച്ചുതന്നെ കുളിച്ചു, ഭക്ഷണം എടുത്തുകഴിച്ചു; ഞെട്ടിക്കുന്ന ക്രൂരത

#ന്യൂസ് ഡെസ്ക്
Photo: x.com
Photo: x.com

ധാക്ക: ബംഗ്ലാദേശിലെ രംഗ്പുർ നഗരത്തിലെ വീട്ടിൽ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അക്രമികളുടെ ക്രൂരത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ക്രൂരമായി കൊലപ്പെത്തിയ ശേഷം പ്രതികൾ അതേ വീട്ടിൽ രാത്രി കഴിച്ചുകൂട്ടിയെന്നും ഭക്ഷണം കഴിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രംഗ്പൂർ സില്ല സ്കൂളിലെ വിരമിച്ച അധ്യാപകനായ ഗണപതി ചക്രവർത്തി ജുവൽ (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (25), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കവിഞ്ഞദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഗ്ധ ദാസ് (23), സിദ്ധാർത്ഥ് ദാസ് (19) എന്നിവരെ ഡിറ്റക്റ്റീവ് ബ്രാഞ്ചും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു.

ലഹരി ഉപയോഗം വിലക്കിയതിലെ വൈരാഗ്യം

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കമ്മിഷണർ മുഹമ്മദ് അബ്ദുൾ മബൂദ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മെത്താഫെറ്റാമൈൻ ഉൾപ്പെടുന്ന ലഹരിപദാർത്ഥമായ ‘യാബ’ കഴിക്കാനായി പ്രതികൾ ചക്രബർത്തിയുടെ വീടിന്റെ മേൽക്കൂരയിലേക്ക് പോയിരുന്നു. ശബ്ദം കേട്ട് ഗണപതി ചക്രബർത്തിയും മേൽക്കൂരിലെത്തി. ഇവിടെവെച്ച് യുവാക്കൾ ലഹരിഗുളികകൾ കഴിക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. തുടർന്നുണ്ടായ തർക്കത്തിൽ പ്രതികൾ അദ്ദേഹത്തെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ഉറങ്ങിക്കിടക്കുന്ന കുട്ടിയെയും വെറുതേവിട്ടില്ല

ഗണപതിയുടെ ശബ്ദംകേട്ട് മുകളിലേക്ക് വന്ന ഭാര്യ പ്രീതിലതയെയും യുവാക്കൾ പടിക്കെട്ടിൽവെച്ച് സമാനരീതിയിൽ കൊലപ്പെടുത്തി. അമ്മയുടെ ശബ്ദം കേട്ട് മുറിയിൽനിന്ന് വെളിയിലിറങ്ങിയ പെൺകുട്ടിയെയും പ്രതികൾ വെറുതെവിട്ടില്ല. കയറുകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതൊന്നുമറിയാതെ മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന 12 വയസുകാരനേയും പ്രതികൾ കൊലപ്പെടുത്തി. തിരിച്ചറിയുമെന്ന ഭയത്താലാണ് പ്രതികൾ കുട്ടിയേയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിനുശേഷം കുളിച്ച് വീണ്ടും ലഹരി ഉപയോഗം

ഒരു കുടുംബത്തിലെ നാലുപേരെയും ഇല്ലാതാക്കിയ ശേഷം പ്രതികൾ ആ വീട്ടിൽ വെച്ചുതന്നെ കുളിച്ചു. പിന്നീട് ഫ്രീസറിൽനിന്ന് വെള്ളം എടുത്ത് കുടിച്ചു. ഭക്ഷണമേശയിലിരുന്ന് ഈന്തപ്പഴവും വെള്ളരിയ്ക്കയും കഴിക്കുകയും വീണ്ടും ലഹരി ഉപയോഗിക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം രണ്ടുപ്രതികളും ഒരുരാത്രിമുഴുവൻ വീടിനുള്ളിൽത്തന്നെ കഴിഞ്ഞതായാണ് പോലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി തെരുവുകൾ ഒഴിഞ്ഞപ്പോഴാണ് പ്രതികൾ ഇവിടെനിന്ന് രക്ഷപ്പെട്ടത്.

തെളിവ് നശിപ്പിക്കൽ

അന്വേഷണം വഴിതിരിച്ചുവിടാൻ വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടുകയും, ഫോണുകളിൽ വിരലടയാളം പതിയാതിരിക്കാൻ ഡിറ്റർജന്റ് കലക്കിയ വെള്ളത്തിൽ മുക്കിവെക്കുകയും ചെയ്തു. സ്വർണാഭരണങ്ങളും കൊള്ളയടിച്ചു.

സിദ്ധാർത്ഥ് മത്സ്യവ്യാപാരം നടത്തുന്നയാളാണ്. സ്വർണപ്പണിക്കാരൻ ആണ് മുഗ്ധദാസ്. വീട്ടിൽനിന്നെടുത്ത സ്വർണം ഇവർ ഉരുക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

വീട് അടഞ്ഞുകിടക്കുന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ വീടുതുറന്ന പൊലീസാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അധ്യാപകന്റെ സഹോദരന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ വലയിലാക്കുകയായിരുന്നു. വീട്ടിൽനിന്ന് കൊള്ളയടിച്ച സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതികളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

Content Highlights: Four members of a retired teacher's family were found dead in Rangpur, Bangladesh., Two cousins were arrested by the police in connection with the murders., The motive was revealed to be a dispute over drug consumption (Yaba pills)., The accused stayed overnight in the same house after committing the crime.