അതുലിന്റെ ആത്മഹത്യ: ചോദ്യംചെയ്യലിനിടെ ആരോപണങ്ങള്‍ നിഷേധിച്ച് നികിത, 'എന്തിന് മാറിത്താമസിക്കണം?'

അതുലിന്റെ മരണത്തിൽ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്ത നിഷ, നികിത, അനുരാ​ഗ് എന്നിവർ | ഫോട്ടോ: PTI
അതുലിന്റെ മരണത്തിൽ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്ത നിഷ, നികിത, അനുരാ​ഗ് എന്നിവർ | ഫോട്ടോ: PTI

ബെം​ഗളൂരു: ഭാര്യക്കും കുടുംബത്തിനുമെതിരെ മാനസിക പീഡനമടക്കം ആരോപിച്ചശേഷം ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ആത്മഹത്യ ചെയ്ത ടെക്കിയുടെ ഭാര്യ നികിത സിംഘാനിയ, ഇവരുടെ സഹോദരൻ അനുരാ​ഗ് സിംഘാനിയ, ഇവരുടെ അമ്മ നിഷ സിംഘാനിയ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്.

അതുൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലിൽ നികിത തള്ളിക്കളഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരം. അതുൽ തന്നെയാണ് ഉപദ്രവിച്ചതെന്ന് നികിത അന്വേഷണോദ്യോ​ഗസ്ഥരോട് പറഞ്ഞു. ഏതാണ്ട് മൂന്നുവർഷമായി അതുലുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. പണത്തിന് വേണ്ടി ശല്യപ്പെടുത്താനാണെങ്കിൽ താൻ എന്തിന് മാറിത്താമസിക്കണമെന്നും നികിത ചോദിച്ചതായി റിപ്പോർട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുൻപ് അമ്മയ്ക്കും സഹോദരനുമൊപ്പം ​ഗുരു​ഗ്രാമിൽവെച്ചാണ് നികിത അറസ്റ്റിലായത്. വിമാനമാർ​ഗം ബെം​ഗളൂരുവിലെത്തിച്ച ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വാ​ങ്ങുകയും ചെയ്തു. കേസിലുൾപ്പെട്ട നാലാമത്തെയാളായ സുശീൽ സിംഘാനിയയ്ക്ക് അലഹാബാദ് ഹൈക്കോടതി തിങ്കളാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. നികിതയുടെ അമ്മാവനാണ് ഇയാൾ.

നികിതയും കുടുംബവും തനിക്കും കുടുംബത്തിനും എതിരെ ക്രൂരതയ്ക്കും സ്ത്രീധന പീഡനത്തിനും കള്ളക്കേസുകൾ ചുമത്തി പണം തട്ടിയെടുക്കുകയാണെന്ന് അതുൽ സുഭാഷ് തൻ്റെ 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലും ആരോപിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ മൂന്ന് കോടി രൂപ നികിത ആവശ്യപ്പെട്ടിരുന്നതായി ജീവനൊടുക്കുംമുൻപ് അതുൽ സുഭാഷ് പറഞ്ഞിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ്‌ ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)

Content Highlights: Bengaluru techie Atul Subhash`s suicide case: Wife Nikita Singhania, brother, and mother arrested