ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് അറിയിച്ചത് 4 മണിക്കൂറിന് ശേഷം; രക്ഷപ്പെട്ടത് സൈക്കിളിലെന്ന് സംശയം, കൈയില്‍ വിലങ്ങില്ല

വിയ്യൂര്‍: തമിഴ്‌നാട് പോലീസിന്റെ കാറില്‍നിന്ന് ഇറങ്ങിയ അവസരത്തില്‍ വിയ്യൂര്‍ ജയില്‍വളപ്പിലൂടെ രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ബാലമുരുകന്‍ (35) തിങ്കളാഴ്ച രാത്രിയാണ് രക്ഷപ്പെട്ടത്. ഇരകളെ ആക്രമിച്ച ശേഷം കവര്‍ച്ച നടത്തലാണ് ബാലമുരുകന്റെ രീതി. ഇയാളുടെ പേരിലുള്ള 43 കേസുകളും ഇത്തരത്തിലുള്ളതാണ്.

ഇയാള്‍ രക്ഷപ്പെട്ട് നാലുമണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ്, തൊട്ടടുത്തുള്ള വിയ്യൂര്‍ പോലീസിലറിയിച്ചത്. പ്രതിയുടെ കൈയില്‍ വിലങ്ങ് ഉണ്ടായിരുന്നില്ല. ജയില്‍വളപ്പിന്റെ സാധാരണ ഉയരത്തിലുള്ള മതില്‍ ചാടി കടന്ന ശേഷം ക്വാര്‍ട്ടേഴ്‌സ് പരിസരത്തുനിന്ന് സൈക്കിളെടുത്താണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഒരു സൈക്കിള്‍ കാണാതായതാണ് സംശയത്തിന് കാരണം.

തമിഴ്‌നാട്ടിലെ അറുപ്പുകോട്ടൈ കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിനാണ് കൊണ്ടുവന്നത്. ജയിലിന് മുന്‍പിലെ ഹോട്ടലില്‍നിന്ന് വെള്ളം കുടിക്കാനായി വാഹനം നിര്‍ത്തിയ സമയത്ത് കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടുവെന്നാണ് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ വിയ്യൂര്‍ പോലീസിന് മൊഴി നല്‍കിയത്. വെള്ളം കുടിക്കാനായി വിലങ്ങ് അഴിച്ചുവെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. അതേസമയം ആലത്തൂരില്‍ പ്രതിയും കൂടെയുണ്ടായിരുന്ന മൂന്ന് പോലീസുകാരും ഭക്ഷണം കഴിച്ചതായി പറയുന്നുണ്ട്. പ്രതിയെ പിടിക്കാന്‍ ശ്രമിച്ചതിനാലാണ് പോലീസിനെ അറിയിക്കാന്‍ സമയം വൈകിയതിന് കാരണമായി പറയുന്നത്. ഒരു വര്‍ഷം മുന്‍പും ഇത്തരത്തില്‍ പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടിരുന്നു.

കവര്‍ച്ച നടത്തിയ ശേഷം വസ്ത്രങ്ങള്‍ മാറ്റി മറ്റൊരു വസ്ത്രം കവര്‍ച്ച നടത്തിയ വീട്ടില്‍നിന്ന് സംഘടിപ്പിക്കുകയാണ് പ്രതിയുടെ രീതി. തുടര്‍ന്ന് ഇരുചക്രവാഹനം മോഷ്ടിച്ച് രക്ഷപ്പെടും. വിലങ്ങുവയ്ക്കാതെ പ്രതിയെ കൊണ്ടുവന്നതും ജയിലിനു സമീപത്തെ ഹോട്ടലിനു മുന്‍പില്‍ വെള്ളം കുടിക്കാനായി നിര്‍ത്തിയതും ദുരൂഹമാണ്. ആലത്തൂരില്‍നിന്ന് ഭക്ഷണം കഴിച്ച ഇവര്‍ വീണ്ടും നിര്‍ത്തിയതും സംശയകരമാണ്. തമിഴ്‌നാട് വിരുദുനഗര്‍ പന്തല്‍ക്കുടി പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ചാടിപ്പോയ പ്രതിയെ കണ്ടുപിടിക്കാനായി വന്‍ പോലീസ് സംഘം പരിശോധന നടത്തിവരുകയാണ്.

Content Highlights: Violent offender Balmurugan escaped Tamil Nadu police custody near Viyyur Jail. Suspected to have fled on a stolen bicycle, he has a history of 43 cases. Police notified late