വെടിവെച്ച ശേഷം സിദ്ദിഖിയുടെ മരണമുറപ്പാക്കാൻ ആശുപത്രിക്കുമുന്നിൽ കാത്തുനിന്നു; വെളിപ്പെടുത്തി ഘാതകൻ

മുംബൈ: ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ 30 മിനിറ്റോളം കാത്തുനിന്നുവെന്ന് വെളിപ്പെടുത്തി സിദ്ദിഖി കൊലക്കേസിലെ പ്രധാനപ്രതിയായ ശിവ് കുമാര്‍ ഗൗതം.
ബാബ സിദ്ദിഖിയെ വെടിവെച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം മാറ്റി സിദ്ദിഖിയെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിലെത്തി. ആശുപത്രിക്കുമുന്നില്‍ കാത്തുനിന്ന ആളുകള്‍ക്കൊപ്പം മുപ്പത് മിനിറ്റോളം കാത്തുനിന്നു. സിദ്ദിഖിയുടെ സ്ഥിതി അതീവഗുരുതരമാണെന്നും ഏതുനിമിഷവും മരണം സംഭവിക്കാം എന്നറിഞ്ഞതോടെയാണ് ആശുപത്രി വിട്ടതെന്നും ഗൗതം പോലീസിനോട് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം കൂട്ടാളികളായ ധര്‍മരാജ് കശ്യപിനും ഗുര്‍മൈല്‍ സിങ്ങിനുമൊപ്പം ഉജ്ജെയ്ന്‍ റെയില്‍വേ സ്റ്റേഷനിലെത്താനും അവിടെ നിന്ന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗത്തിനൊപ്പം വൈഷ്ണോ ദേവിയിലേക്ക് കടന്നുകളയാനുമായിരുന്നു പദ്ധതിയെന്ന് ഗൗതം പറഞ്ഞു. ഇതിനിടയില്‍ ധര്‍മരാജും ഗുര്‍മൈലും പോലീസിന്റെ പിടിയിലായതോടെ പദ്ധതി പൊളിയുകയായിരുന്നു.
Content Highlights: Baba Siddique's shooter revealed that he waited near hospital to confirm death