'ഇതിൽകൂടുതൽ എന്താണ് വേണ്ടത്?': ടെക്കിയുടെ മരണത്തിൽ ഭാര്യക്കെതിരായ FIR റദ്ദാക്കാനാകില്ലെന്ന് കോടതി

അതുല്‍ സുഭാഷ്, ഭാര്യ നിഖിത സിംഘാനിയ | Photo Courtesy: x.com/Mindblower81
അതുല്‍ സുഭാഷ്, ഭാര്യ നിഖിത സിംഘാനിയ | Photo Courtesy: x.com/Mindblower81

ബെംഗളൂരു: ഐ.ടി. ജീവനക്കാരനായ അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരേ രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതുല്‍ സുഭാഷിന്റെ ഭാര്യ നിഖിത സിംഘാനിയ കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനുള്ള എല്ലാകാര്യങ്ങളും എഫ്.ഐ.ആറിലുണ്ടെന്ന് വ്യക്തമാക്കിയാണ് കര്‍ണാടക ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ വിസമ്മതിച്ചത്. 

പരാതിയിലും എഫ്.ഐ.ആറിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ ആവശ്യമായ എല്ലാവിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. ഇത് റദ്ദാക്കാനുള്ള കേസല്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ കൂടുതല്‍ വാദംകേള്‍ക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയുംചെയ്തു. 

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസികപീഡനം കാരണമാണ് ബെംഗളൂരുവില്‍ ഐ.ടി. ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയും കുടുംബവും തനിക്കെതിരേ നിരവധി കള്ളക്കേസുകള്‍ നല്‍കിയെന്നും വന്‍തുക ജീവനാംശമായി ആവശ്യപ്പെട്ടെന്നുമായിരുന്നു അതുല്‍ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിശദീകരിച്ച് വീഡിയോയും യുവാവ് റെക്കോഡ് ചെയ്തിരുന്നു.

അതുല്‍ സുഭാഷിന്റെ ആത്മഹത്യ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് കുടുംബത്തിന്റെ പരാതിയില്‍ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. അതുല്‍ സുഭാഷിന്റെ ഭാര്യ നിഖിത സിംഘാനിയ, ഇവരുടെ അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ അറസ്റ്റിലായ നിഖിതയ്ക്കും കുടുംബാംഗങ്ങൾക്കും കഴിഞ്ഞദിവസം ബെംഗളൂരുവിലെ കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: atul subash suicide case highcourt refused quash fir against wife nikita singhania