എസ്‌ഐയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

പൊന്നാനി: പൊന്നാനിയിൽ ലഹരിക്കടത്ത് തടയാൻശ്രമിച്ച എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പപ്രകാരം അറസ്റ്റുചെയ്തു. വെളിയങ്കോട് എസ്‌ഐ പടിയിൽ താമസിക്കുന്ന കൊളത്തേരി സാദിഖാണ് (30) അറസ്റ്റിലായത്.
ബെംഗളൂരുവിൽനിന്ന് കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് എസ്‌ഐയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പൊന്നാനി എസ്‌ഐ യാസിർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അഭിലാഷ്, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് മോഹൻ, കൃപേഷ്, ശ്രീരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം വെളിയംകോടുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അടിപിടി, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായാണ് സാദിഖ്. ഒരുമാസം മുൻപാണ് തവനൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
ജില്ലയിൽ ലഹരി അക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളായ പ്രതികൾക്കെതിരേ ജില്ലാ പോലീസ് മേധാവി. ആർ. വിശ്വനാഥ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് കളക്ടർ കാപ്പചുമത്തി ഉത്തരവിറക്കിയത്.
പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
Content Highlights: attempt to murder si by hitting vehicle one arrested