പുഴയിലൂടെ ഒഴുകിയെത്തിയ ചാക്കുകളിൽ കണ്ടെത്തിയത് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം;കൊലപാതകം? ദുരൂഹത

#സ്വന്തം ലേഖകൻ
ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ മൃതദേഹം
ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ മൃതദേഹം

പാലക്കാട്: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി കെട്ടി ഉപേക്ഷിച്ചനിലയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിയാനായിട്ടില്ല. കൊലപാതകമാണെന്ന് പോലീസ് കരുതുന്നു. മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ച സൂചന.

പുഴയിലൂടെ ഒഴുകിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്ന് ചാക്കുകളാണ് പ്രദേശത്ത് കാലിമേയ്ക്കാൻ എത്തിയവർ ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ആദ്യ ചാക്ക് തുറന്നപ്പോൾ അതിൽ ശരീരഭാഗങ്ങളാണെന്നറിഞ്ഞതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ചാക്കിൽനിന്ന് മുപ്പത് വയസ്സോളം പ്രായം തോന്നിക്കുന്ന യുവതിയുടേയും അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടേയും ശിരസ്സുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ പുറത്തെടുത്തത്. ശരീരഭാഗങ്ങൾക്ക് നാലുദിവസത്തിലേറെ പഴക്കം കണക്കാക്കുന്നുണ്ട്.

മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രങ്ങൾമാത്രം ധരിച്ചനിലയിൽ യുവതിയുടെ ശരീരഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളലേക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. മൂന്നുദിവസംമുൻപുവരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാവാം ചാക്കുകൾ അടിഞ്ഞതെന്നു കരുതുന്നു. മേഖലയിലും തമിഴ്‌നാട് അതിർത്തിയോട് ചേർന്നും അടുത്ത ദിവസങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള വിവരം തേടിത്തുടങ്ങിയതായി അഗളി ഡിവൈ.എസ്.പി. ആർ. അശോകൻ പറഞ്ഞു.