ചാക്കിലെ എഴുത്തിന് പിന്നാലെ പൊലീസ്; ഒന്നിൽ കുട്ടിയുടെ തല, മറ്റൊന്നിൽ യുവതിയുടെ നഗ്നശരീരം

അട്ടപ്പാടി: അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. പ്രദേശത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം.
ഏതാനും ദിവസം മുമ്പ് അന്യസസ്ഥാന തൊഴിലാളി എന്ന കരുതുന്ന ഒരാളെ ഈ പ്രദേശത്ത് കണ്ടിരുന്നു. ഇയാളോടൊപ്പം ഒരു യുവതിയും കുഞ്ഞും ഉണ്ടായിരുന്നെന്നും ഇവരെ ഇപ്പോൾ കാണാനില്ലെന്നുമാണ് വിവരം.
അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്നു ചാക്കുകളിലാക്കി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്നും വെള്ളത്തിൽ കിടന്നതായും കണ്ടെത്തി.
ശക്തമായ അന്വേഷണം
തമിഴ്നാട്ടിലെ നീലഗിരി മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ഭവാനിപ്പുഴ പടിഞ്ഞാറോട്ട് ഒഴുകി കേരളത്തിലേക്ക് പ്രവേശിച്ച ശേഷം വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്. അതുകൊണ്ടുതന്നെ ക്രൂരകൃത്യം നടന്നത് എവിടെയാണെന്ന കാര്യത്തിൽ അവ്യക്തത ഉണ്ടായിരുന്നു. മൃതദേഹങ്ങൾ തമിഴ്നാട്ടിൽനിന്ന് ഒഴുകിവന്നതാണോ എന്ന വിവരങ്ങൾക്കായി തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. പ്രദേശത്തുനിന്നും തമിഴ്നാട് അതിർത്തിയിൽനിന്നും കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്തു.
ബിരിയാണിച്ചാക്കിലെ നിർണായക വിവരം
കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഈ ചാക്കുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചാക്കുകളിലെ എഴുത്തിൽനിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകവും മൃതദേഹങ്ങൾ ഉപേക്ഷിക്കലും നടത്തിയിരിക്കുന്നത്. മൂന്നുദിവസം മുമ്പുവരെ പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് മൃതദേഹങ്ങൾ ചാക്കിൽ കെട്ടി പുഴയിൽ തള്ളിയത്. മറ്റൊരിടത്തുവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് അനുമാനം.
മൂന്ന് ചാക്ക്, ആദ്യത്തേതിൽ ശരീരഭാഗങ്ങൾ
ഒഴുകിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്നു ചാക്കുകളാണ് പ്രദേശത്ത് കാലിമേയ്ക്കാൻ എത്തിയവർ ഞായറാഴ്ച ഉച്ചയോടെ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങൾ കണ്ടതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ചാക്കിൽനിന്ന് മുപ്പത് വയസ്സോളം പ്രായം തോന്നിക്കുന്ന യുവതിയുടേയും അഞ്ചു വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയുടേയും ശിരസ്സ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുറത്തെടുത്തത്. മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ യുവതിയുടെ ശരീരഭാഗങ്ങളായിരുന്നു. കൈകാലുകൾ മടക്കി ഇരുത്തിയ നിലയിലാണ് മൃതദേഹം ചാക്കിൽ കയറ്റിവെച്ചിരുന്നത്.
കഴുത്തറത്തത് യന്ത്രം ഉപയോഗിച്ച്; പിന്നിൽ ഒന്നിലേറെപ്പേർ
യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരാൾക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകൾ ചേർത്തുവെച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷമാണ് ചാക്കിലാക്കിയത്. ഇതാണ് കൃത്യത്തിന് പിന്നിൽ ഒന്നിലേറെ പേരുണ്ടെന്ന സംശയത്തിന് കാരണം. ചാക്കുകൾ വാങ്ങിയതവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Bodies of a 30-year-old woman and a 5-year-old child found in sacks in Bhavani riverbank at Attappadi., Forensic tests indicate the bodies are about 5 days old with severe neck injuries caused by machinery., Police are investigating migrant workers and checking missing persons reports from Kerala and Tamil Nadu borders., Evidence suggests premeditated murder involving multiple perpetrators.