അട്ടപ്പാടി ഇരട്ടക്കൊല: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ ക്രൂരത; വാക്കത്തികൊണ്ട് തല വെട്ടിമാറ്റി

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ പ്രവോദ് ദാസിനെ അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ, ഇൻസൈറ്റിൽ കൊല്ലപ്പെട്ട പ്രോണിത, ജോഹിത
അറസ്റ്റിലായ പ്രവോദ് ദാസിനെ അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ, ഇൻസൈറ്റിൽ കൊല്ലപ്പെട്ട പ്രോണിത, ജോഹിത

അഗളി: അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് യുവതി ഗർഭിണിയാണെന്ന വിവരമറിഞ്ഞുണ്ടായ വാക്കുതർക്കമെന്ന് പോലീസ്. 

അട്ടപ്പാടിയിലെ ചീരക്കടവിലെ നഴ്‌സറിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി പ്രോണിത (35), മകൾ ജോഹിത(നാല്) എന്നിവർ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസി(37)നെ ചോദ്യംചെയ്തതിൽനിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച രാവിലെ അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം പ്രതിയെ ഹാജരാക്കി. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പിനായി കൊണ്ടുപോയി. കൃത്യം നടത്തിയസ്ഥലം, ഉപയോഗിച്ച ആയുധം, മറ്റുവസ്തുക്കൾ എന്നിവ തെളിവെടുപ്പിൽ കണ്ടെടുത്തു.

രണ്ടുവർഷത്തെ പരിചയം

ഒരുമാസം മുൻപാണ് ഇവർ അട്ടപ്പാടിയിൽ ജോലിക്കായി എത്തിയത്. എന്നാൽ രണ്ടുവർഷം മുൻപ് പ്രവോദ് ദാസും പ്രോണിതയുടെ ഭർത്താവും അലിപൂർദ്വാറിലെ പ്ലൈവുഡ് കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും പരിചയപ്പെടുകയും അടുപ്പം തുടരുകയും ചെയ്തു. ഇതിനിടെ അട്ടപ്പാടിയിലേക്ക് ജോലിക്കെത്തിയ പ്രവോദ് ദാസ് രണ്ടരമാസം മുൻപ് നാട്ടിലേക്ക് പോയസമയത്ത് പ്രോണിതയുമായി വീണ്ടും കൂടുതൽ അടുക്കുന്നത്. പ്രവോദ് ദാസിന് അലിപുർദ്വാറിൽ ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബമുണ്ട്. പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തേക്ക് ജോലിക്കായി പോയ സമയത്ത് ഇരുവരും പദ്ധതിയിട്ടാണ് അട്ടപ്പാടിയിലേക്ക് യാത്രതിരിച്ചത്. ഭർത്താവിനോട് ആന്ധ്രാപ്രദേശിൽ ജോലിക്ക് പോകുകയാണെന്നാണ് പറഞ്ഞിരുന്നത്.

കൃത്യം അതിക്രൂരം

പ്രൊണിതയേയും മകൾ ജോഹിതയേയും പ്രവോദ് ദാസ് കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പാലക്കാട് എസ്.പി. അബ്ദുൾ റാഷി പറഞ്ഞു. സെപ്‌റ്റംബർ രണ്ടിനാണ് കൊലപാതകം നടന്നത്. പ്രൊണിത ഗർഭിണിയാണെന്ന സംശയം പ്രവോദ് ദാസിനുണ്ടായിരുന്നു. ഇരുവരും ആശുപത്രിയിൽ പരിശോധനയ്ക്കായി പോയിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കപ്പെട്ടില്ല.

തിരികെ എത്തിയതിനുശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കുട്ടിയെ പ്രവോദ് ദാസ് മർദിച്ചതോടെ കൈയാങ്കളിയിലെത്തി. തുടർന്ന്, പ്രതി വാക്കത്തിയെടുത്ത് പ്രോണിതയുടെ തലയിൽ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കാനായി വീണ്ടും വെട്ടി. തുടർന്ന് ഒരു തേങ്ങയിൽവെച്ച് തല വെട്ടി വേർപ്പെടുത്തി. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കിൽകെട്ടി പുഴയിലേക്ക് കൊണ്ടിട്ടു.

ഇതെല്ലാംകണ്ട് കരഞ്ഞുതളർന്ന കുട്ടിയെക്കൂടി കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ പ്രതി തീരുമാനിച്ചു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തല സമാനമായ രീതിയിൽ വെട്ടിമാറ്റി ശരീരഭാഗങ്ങൾ ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നു. തുടർന്ന്, വസ്ത്രങ്ങളും തേങ്ങയും തോട്ടത്തിനോടു ചേർന്നുള്ള വനത്തിലേക്ക് എറിഞ്ഞു.

ആയുധം കഴുകി വൃത്തിയാക്കി ഷെഡ്ഡിൽതന്നെ സൂക്ഷിച്ചു. എല്ലാം വൃത്തിയാക്കിയശേഷം പിറ്റേദിവസം രാവിലെ തോട്ടം സൂപ്പർവൈസറെ കണ്ട് പണം വാങ്ങി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഭാര്യയും കുട്ടിയും പിണങ്ങിപ്പോയെന്നും നാട്ടിൽ പോയി മറ്റൊരാളെ പണിക്ക് കൂട്ടിവരാമെന്നുമാണ് സൂപ്പർവൈസറോട് പറഞ്ഞത്. പ്രതി നാട്ടിലെത്തിയപ്പോഴേക്കും അന്വേഷണസംഘവും പശ്ചിമബംഗാളിലെത്തി വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.

അഗളി ഡിവൈ.എസ്.പി. ആർ. അശോകിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സന്തോഷ്‌കുമാർ, അഗളി സി.ഐ. സി. രതീഷ്, എസ്.ഐ. എച്ച്. ഹർഷാദ്, പുതൂർ എസ്.ഐ. എം. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ജില്ലാ പോലീസ് സൂപ്രണ്ട് അബ്ദുൾ റാഷി സ്ഥലത്തെത്തി.

Content Highlights: Pravod Das arrested for the brutal murder of Pronita and her 4-year-old daughter Johita in Attappadi., Motive was the accused's suspicion regarding the victim's pregnancy leading to a heated argument., The accused decapitated both victims to hide their identities and disposed of the body parts in a river., Police tracked down the suspect to West Bengal and recovered the weapon and evidence.