അട്ടപ്പാടിയിൽ മൂന്നു ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ, ഒരു ചാക്കിൽ രണ്ട് തലഭാഗം; അന്വേഷണം

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു യുവതിയുടേയും കുഞ്ഞിന്റേയുമാണ് മൃതദേഹ ഭാഗങ്ങൾ. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു ചാക്ക് അഴിച്ചതിൽ രണ്ട് തലഭാഗമാണുള്ളത്. ഒന്ന് ഒരു സ്ത്രീയുടേയും മറ്റൊന്ന് ഒരു കുഞ്ഞിന്റേയുമാണ് തലഭാഗങ്ങൾ. മൃതദേഹങ്ങളിലൊന്നിന് 30 വയസ്സുണ്ടെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. മറ്റു ചാക്കുകെട്ടുകൾ അഴിച്ചിട്ടില്ല. മൃതദേഹഭാഗങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവർ അഴുകിയ നിലയിൽ ചാക്കുകെട്ടുകൾ കണ്ടെത്തി. തുറന്നുപരിശോധിച്ചപ്പോഴാണ് മനുഷ്യശരീരഭാഗങ്ങളാണെന്ന് മനസ്സിലായത്. ഉടനെ പുതൂർ പോലീസിനെ വിളിച്ച് വിവരമറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.