തര്‍ക്കം പരിഹരിക്കാനെത്തിയ പിങ്ക് പോലീസിന് നേരേ ആക്രമണം; പോലീസുകാരിയെ ഇഷ്ടിക കൊണ്ടെറിഞ്ഞു

കെ. അനു
കെ. അനു

ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ വീട്ടുകാര്‍തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ചെങ്ങന്നൂര്‍ പിങ്ക് പോലീസിനെ ആക്രമിച്ചയാള്‍ പിടിയില്‍.

പാണ്ടനാട് പടിഞ്ഞാറ്റുംമുറിയില്‍ ഇല്ലിമല ഭാഗത്ത് പൊത്തന്റെകുന്നില്‍ അനുഭവനില്‍ കെ. അനുവാ(38)ണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ടു 6.20-നു ഇല്ലിമലയിലായിരുന്നു സംഭവം. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പട്രോള്‍ യൂണിറ്റ് മൂന്നിലെ റിനി മാത്യുവി(32)നെയാണ് ആക്രമിച്ചത്.

രണ്ടു വീട്ടുകാര്‍തമ്മിലുള്ള ബഹളത്തിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിച്ച റിനി മാത്യുവിന്റെ പുറത്ത് ഇഷ്ടിക കൊണ്ടെറിഞ്ഞു പരിക്കേല്‍പ്പിക്കുകയായിരുന്നു. റിനിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും അസഭ്യം പറയുകയുംചെയ്ത കുറ്റത്തിനാണു കേസെടുത്തത്.

സംഭവത്തില്‍ അനുവിന്റെ ഭാര്യ രജിതയും പ്രതിയാണ്. ചെങ്ങന്നൂര്‍ എസ്.ഐ. എസ്. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: attack against pink police in chengannur